ദോശയും ചമ്മന്തി / ചട്ണിയും
ദോശ
*******
ആവശ്യമായവ :
പച്ചരി – 2 ഗ്ലാസ്
ഉഴുന്ന് – 1 ഗ്ലാസ്സ്
ചോറ് - ഒരു ചെറിയ തവി
ഉപ്പ് – പാകത്തിന്
ഉലുവ - ഒരു നുള്ള്
തയ്യാറാക്കുന്ന വിധം :
പച്ചരിയും ഉഴുന്നും വെവ്വേറെ വെള്ളത്തില്‍
കുറഞ്ഞത് എട്ടു മണിക്കൂര്‍ എങ്കിലും കുതിര്‍ത്തു വയ്ക്കുക.
ഇനി രണ്ടും നന്നായി കഴുകി വാരി വയ്ക്കുക
ആദ്യം അരി മിക്സിയുടെ ജാറില്‍ ഇട്ടു വെള്ളം ചേര്‍ത്ത് അരച്ച് വെയ്ക്കുക.അതിന്റെ കൂടെ ഉലുവ ,ചോറ് ഇവ കൂടി ചേര്‍ക്കുക .
ഇനി ഉഴുന്നും അരയ്ക്കുക,.ഉഴുന്ന് നന്നായി അരയണം.
ഇനി അരച്ച മാവ് ഒരു വലിയ പാത്രത്തില്‍ ഒഴിച്ച് വയ്ക്കുക.പുളിച്ചു പൊങ്ങുമ്പോള്‍ കവിഞ്ഞു പോകാന്‍ ഉള്ള സാധ്യത ഉണ്ട്,അതുകൊണ്ടാണ് വലിയ പാത്രത്തില്‍ ഒഴിച്ച് വയ്ക്കണം എന്ന് പറഞ്ഞത് ,കുറഞ്ഞത് 12 മണിക്കൂര്‍ എങ്കിലും മാവ് അവിടെ ഇരുന്നു പുളിയ്ക്കട്ടെ.
ഇനീ ദോശ ചുടാന്‍ ആയി ആവശ്യത്തിനു മാവ് വേറെ ഒരു പാത്രത്തില്‍ എടുത്തു ആവശ്യത്തിനു ഉപ്പു ചേര്‍ക്കുക.മുഴുവന്‍ മാവിലും ഉപ്പു ചേര്‍ക്കരുത്.ഇനി ദോശക്കല്ല് ഒരു പാന്‍ അടുപ്പില്‍ വെച്ച് നന്നായി ചൂടാകുമ്പോള്‍ ഒരു സവാള മുറിച്ചതില്‍ അല്പം വെളിച്ചെണ്ണ മുക്കി ദോശക്കല്ലില്‍ തേച്ചിട്ട് ഒരു തവിയില്‍ മാവ് ഒഴിച്ച് വട്ടത്തില്‍ പരത്തുക
ഒരു വശം വേവുമ്പോള്‍ മറിച്ചിടുക.മറിച്ചിട്ടു
മറുവശവും വേവിച്ചശേഷം ചൂടോടെ പാത്രത്തില്‍ ആക്കുക.
ടിപ്സ്
നല്ല പാന്‍ ആണെങ്കില്‍ ഒട്ടും എണ്ണ പുരട്ടേണ്ടതില്ല..ദോശ ചുടുമ്പോള്‍ മീഡിയം തീയില്‍ ചുടണം,അല്ലെങ്കില്‍ കരിഞ്ഞു പോകും.
ചമ്മന്തി / ചട്ണി
**********************
ആവശ്യമായവ
തേങ്ങ ചിരവിയത് - അര കപ്പ്
ഇഞ്ചി - ഒരു ചെറിയ കഷണം
മുളകുപൊടി - അര ടീസ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
ചുവന്നുള്ളി- 5 എണ്ണം
വറ്റല്‍ മുളക് - 2എണ്ണം
കറി വേപ്പില - 1 കതിര്
വെള്ളം , ഉപ്പ് ,വെളിച്ചെണ്ണ - പാകത്തിന്
തയ്യാറാക്കുന്ന വിധം :
തേങ്ങയും ഇഞ്ചിയും രണ്ടു ചുവന്നുള്ളിയും മുളകു പൊടിയും മിക്സറില് കുറച്ചു വെള്ളം ചേര്‍ത്ത് അരച്ച് എടുക്കുക,
ഇനി ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറിവേപ്പില ,കടുക് ,വറ്റല്‍ മുളക് എന്നിവ താളിയ്ക്കുക,കുഞ്ഞുള്ളി അരിഞ്ഞതും നേരിയ ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റുക,ഇനി അരച്ച് വെച്ചിരിയ്ക്കുന്ന തേങ്ങാ ചമ്മന്തി ഇതിലേക്ക് ചേര്‍ക്കുക. തീ കുറച്ചു വയ്ക്കുക.ഇളക്കി യോജിപിച്ചതിനു ശേഷം ആവശ്യത്തിനു വെള്ളം ചേര്‍ത്ത് കട്ടി കുറയ്ക്കുക.ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഒന്ന് ചൂടാക്കിയതിനു ശേഷം ഓഫ് ചെയ്യുക.ചമ്മന്തി തയ്യാര്‍.
ടിപ്സ് :
മുളക് പൊടിയ്ക്കു പകരം വറ്റല്‍ മുളക് അരച്ചാലും മതി.മുളക് പൊടിയ്ക്കു പകരം പച്ചമുളക് ഉപയോഗിച്ചാല്‍ വേറെ ഒരു രുചിയിലും ഉണ്ടാക്കാം.
0 comments:
Post a Comment