Friday, July 10, 2015

വെള്ളയപ്പം

ഒരു കാര്യം ആദ്യമേ പറഞ്ഞു കൊള്ളട്ടെ ..പല സ്ഥലങ്ങളിലും ഇതിനു പല പേര് ആണ്.ഞങ്ങള്‍ ഇതിനെ വെള്ളയപ്പം എന്നാണ് പറയുന്നത്.ഉണ്ടാക്കുന്ന രീതിയും വ്യത്യസ്തമാണ് .
എന്റെ അമ്മ ഉണ്ടാക്കുന്ന രീതി ആണ് ഞാന്‍ ഇവിടെ കുറിയ്ക്കുന്നത്.പാവ് കാച്ചുന്ന വേറെ ഒരു രീതിയും ഉണ്ട്.
ആവശ്യമായവ
പച്ചരി - കാല്‍ കിലോ
തേങ്ങാ തിരുമ്മിയത്‌ - അര മുറി
യീസ്റ്റ് - ഒരു നുള്ള്
പഞ്ചസാര - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
ചോറ് - 3-4 ടേബിള്‍സ്പൂണ്‍
ഉണ്ടാക്കുന്ന വിധം ;
പച്ചരി എട്ടു മണിക്കൂര്‍ എങ്കിലും കുതിര്‍ക്കാന്‍ വയ്ക്കുക.കുതിര്‍ത്തതിനു ശേഷംഅരി കഴുകി വാരി മിക്സറില്‍ നന്നായി അരച്ചെടുക്കുക,അരയ്ക്കുമ്പോള്‍ ചോറും യീസ്റ്റും കൂടി അരയ്ക്കണം.ഇനി അരി അരച്ചത്‌ പൊങ്ങുവാന്‍ വേണ്ടി ഏറ്റവും കുറഞ്ഞത്‌ 8 മണിക്കൂര്‍ വയ്ക്കണം.ഇനി അപ്പം ചുടുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പ് അര മുറി തേങ്ങാ തിരുമ്മിയത്‌ അരച്ച് ചേര്‍ക്കണം,ഇനി പാകത്തിന് ഉപ്പും പഞ്ചസാരയും ചേര്‍ത്തു നന്നായി ഇളക്കി വയ്ക്കുക.രണ്ടു മണിക്കുറിനു ശേഷം വെള്ളയപ്പം ചുട്ടെടുക്കാം.

Continue Reading…

കുട്ടനാടന്‍ എഗ്ഗ് റോസ്റ്റ്

എഗ്ഗ് റോസ്റ്റ് കേരളത്തില്‍ തന്നെ പല സ്ഥലത്ത് പല രീതിയില്‍ ആണ് ഉണ്ടാക്കുന്നത്‌.അതായതു മസാല ,ഉണ്ടാക്കുന്ന വിധം ,നിറം ,എരിവു ഒക്കെ വെവ്വേറെയാണ് .
എന്നും എഗ്ഗ് റോസ്റ്റ് ഉണ്ടാക്കുന്നതില്‍ നിന്നും അല്പം വ്യത്യാസം നോക്കി തപ്പി ഇറങ്ങിയത്‌ ചെന്ന് നിന്നത് ഒരു കുട്ടനാടന്‍ എഗ്ഗ് റോസ്റ്റില്‍ ആണ്.വെള്ളയപ്പം,പുട്ട് ,ചപ്പാത്തി എന്നിവയുടെ ഒക്കെ കൂടെ നല്ല കോമ്പിനേഷന്‍ ആണിത്.
അല്പം എരിവു കൂട്ടി ,കുഞ്ഞുള്ളി മാത്രo ചേര്‍ത്തു ഉണ്ടാക്കുന്ന ഒരു കിടിലന്‍ റോസ്റ്റ്.
വേണ്ട സാധനങ്ങള്‍
മുട്ട പുഴുങ്ങിയത് - നാലെണ്ണം
കുഞ്ഞുള്ളി - 20 - 30 എണ്ണം
തക്കാളി - വലിയ ഒന്ന്
കറി വേപ്പില - 3 കതിര്‍
കടുക് - 1/2 ടീസ്പൂണ്‍
കാശ്മീരി മുളക് പൊടി - 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
പെരുംജീരകം പൊടിച്ചത് - 1/2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
എണ്ണ - ആവശ്യത്തിനു ചേര്‍ക്കുക,ഈ റോസ്റ്റിന് ഉള്ളി നന്നായി വഴന്നു വരണം,വെള്ളവും ഒരുപാടു ചേര്‍ക്കുന്നില്ല,അത് കൊണ്ട് എണ്ണ ഇത്തിരി കൂടുതല്‍ ചേര്‍ക്കും
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക്,കറി വേപ്പില എന്നിവയും ,ഇഞ്ചി യും വെളുത്തുള്ളിയും കൊത്തിയരിഞ്ഞതും ചേര്‍ത്തു വഴറ്റുക.അതിലേക്കു ഉള്ളി അരിഞ്ഞതും ചേര്‍ത്തു വഴറ്റുക.ഇപ്പോള്‍ ആവശ്യത്തിനു ഉപ്പ് കൂടി ചേര്‍ക്കുക.
ഇനി ഒരു ചെറിയ പാത്രത്തില്‍ മുളക് പൊടിയും മഞ്ഞള്‍ പൊടിയും ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം ഒഴിച്ച് പേസ്റ്റ് പരുവമാക്കി വഴന്നു കൊണ്ടിരിയ്ക്കുന്ന സവാളക്കൂട്ടിലേയ്ക്ക് ചേര്‍ത്തു മൂപ്പിക്കുക.ഇങ്ങനെ വെള്ളത്തില്‍ കലര്‍ത്തി മുളക് പൊടി ചേര്‍ക്കുമ്പോള്‍ നിറം കുറയില്ല.ഇപ്പോള്‍ പെരുംജീരകം പൊടിച്ചതും ചേര്‍ക്കുക. ഇനി തക്കാളി അരിഞ്ഞതും വഴറ്റി രണ്ടോ മൂന്നോ സ്പൂണ്‍ വെള്ളം ഒഴിച്ച് മുട്ടയും ചേര്‍ത്തു അടച്ചു വെയ്ക്കുക മുട്ട കീരിയിടുകയോ വരഞ്ഞു ചേര്‍ക്കുകയോ ചെയ്യാം. കുഞ്ഞുള്ളിയും തക്കാളിയും മുട്ടയുടെ കൂടെ കടിയ്ക്കുന്ന പരുവത്തില്‍ വഴറ്റിയാല്‍ മതി. അതാണ്‌ കഴിയ്ക്കുവാന്‍ രുചി.ഈ റോസ്റ്റ് ഒരുപാട് നേരം വേവണ്ട.നല്ല പെരണ്ടിരിയ്ക്കുന്ന ഒരു റോസ്റ്റ് ആണിത്....രുചികരമായ കുട്ടനാടന്‍ എഗ്ഗ് റോസ്റ്റ് തയ്യാര്‍ ആയി.
കുട്ടനാടന്‍ റോസ്റ്റ് എന്നൊക്കെ പറയുമ്പോള്‍ അല്പം എരിവു കൂടുതല്‍ വേണം.ശെരിക്കും ഈ റെസിപിയില്‍ മുളക് പൊടി രണ്ടു സ്പൂണ്‍ ചേര്‍ത്തു നല്ല എരിവു ഉള്ള കറി ആണ്..കുഞ്ഞുള്ളി രണ്ടായി കീറിയിട്ടു വഴറ്റി എടുത്തു വേണം ഇതുണ്ടാക്കാന്‍ .ഞാന്‍ കുഞ്ഞുള്ളിയ്ക്ക് പകരം ഞാന്‍ മൂന്നു സവാള അരിഞ്ഞത് ആണ് ചേര്‍ത്തത്. എന്തായാലും ഈ റോസ്റ്റ് എനിക്ക് ഇഷ്ടമായി.നിങ്ങള്‍ക്കും ഇഷ്ടമാകും......

Continue Reading…

വാഴക്കൂമ്പ് - ചെറുപയര്‍ തോരന്‍

ആവശ്യമായവ

വാഴക്കൂമ്പ് -1 ചെറുപയര്‍ - അര കപ്പ്‌
തേങ്ങ - അര കപ്പ്‌
സവാള - ചെറുത് 1
വെളുത്തുള്ളി - 3 അല്ലി
പച്ചമുളക് - 3 എണ്ണം ജീരകം - ഒരു നുള്ള്
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
കറിവേപ്പില, ഉപ്പ് , കടുക്,എണ്ണ - പാകത്തിന്

തയ്യാറാക്കുന്ന വിധം

ചെറുപയര്‍ ഉടയാതെ വേവിച്ചെടുക്കണം.

വാഴക്കൂമ്പ് ചെറുതായി കൊത്തിയരിയുക. അരിഞ്ഞ വാഴക്കൂമ്പില്‍ കുറച്ച് വെളിച്ചണ്ണയും മഞ്ഞള്‍പൊടിയും ചേര്‍ത്ത് തിരുമ്മണം. ( ഇതിലെ നൂല്‍ കളയാനാണ് ഇങ്ങനെ ചെയ്യുന്നത് .) . തേങ്ങയും പച്ചമുളകും വെളുത്തുള്ളിയും ജീരകവും മിക്സിയിൽ ചതച്ചെടുക്കുക..ഈ അരപ്പും സവാള ചെറുതായി കൊത്തിയരിഞ്ഞതും മഞ്ഞള്‍പ്പൊടിയും ഉപ്പും കൂടി അരിഞ്ഞു വെച്ചിരിയ്ക്കുന്ന വാഴക്കൂമ്പിൽ ചേർത്ത് കൈ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക

ഒരു പാനിൽ എണ്ണ ചൂടാക്കി കറി വേപ്പില താളിയ്ക്കുക. ഇതിലേക്ക് വാഴക്കൂമ്പ് ചേര്‍ത്ത് നന്നായി ഇളക്കി ഒരു അടപ്പുകൊണ്ടടച്ച് ചെറുതീയില്‍ വേവിക്കണം. മുക്കാല്‍ വേവാ‍കുമ്പോള്‍ ചെറുപയര്‍ ചേര്‍ക്കണം. നന്നായി ചിക്കി തോർത്തി എടുക്കുക.രുചികരമായ തോരൻ തയ്യാർ

Continue Reading…

ചെമ്മീന്‍ മുളകിട്ടത്‌ / ചെമ്മീൻ മുളക് കറി

സാധാരണ മീന്‍ കറി വയ്ക്കുന്ന പോലെ തന്നെയാണ് ചെമ്മീന്‍ മുളക് കറി വയ്ക്കുന്നത്.വളരെ എളുപ്പം ആണ് ഇത് തയ്യാറാക്കാന്‍ .

ആവശ്യമുള്ളവ :

ചെമ്മീന്‍ വൃത്തിയാക്കിയത് - 1 കിലോ
കുടം പുളി - 3
മഞ്ഞള്പ്പൊ ടി - അര ടീസ്പൂണ്‍
കാശ്മീരി മുളകു പൊടി -2 3/4 ടേബിള്‍ സ്പൂണ്‍
ഉലുവാപൊടി – അര ടീസ്പൂണ്‍
വെളുത്തുള്ളി – 8 അല്ലി
ഇഞ്ചി - 1 വലിയ കഷണം
കുഞ്ഞുള്ളി - 3 എണ്ണം
കറിവേപ്പില - രണ്ട്‌ കതിര്‍
വെളിച്ചെണ്ണ ആവശ്യത്തിന്‌
ഉപ്പ് പാകത്തിന്
കടുക്‌

തയ്യാറാക്കുന്ന വിധം:

ചെമ്മീന്‍ വൃത്തിയായി കഴുകി മാറ്റി വെക്കുക.
വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ചു വെക്കുക.
കുടം പുളി അല്പം വെള്ളത്തില്‍ ഇട്ടു വെക്കുക .
മുളകുപൊടിയും മഞ്ഞള്പൊടിയും അല്പം വെള്ളത്തില്‍ കുഴച്ചു പേസ്റ്റ് രൂപത്തില്‍ ആക്കി വയ്ക്കുക.
ഒരു ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകും കറിവേപ്പിലയും താളിയ്ക്കണം .കുഞ്ഞുള്ളി അരിഞ്ഞതും ചേര്ക്ക ണം.ഇതില്‍ വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ചു വെച്ചിരിക്കുന്നത് ചേര്ത്തു വയട്ടുക.ഉലുവയും ചേര്ക്കു ക , മഞ്ഞള്പ്പൊചടിയും മുളകുപൊടിയും പേസ്റ്റ് ആക്കി വെച്ചിരിക്കുന്നത് ചേര്ത്ത് മൂപ്പിക്കുക, ആവശ്യത്തിന്‌ വെള്ളം ചേര്ക്കു ക , ഇനി പുളിവെള്ളം ചേര്‍ക്കാം .പുളിവെള്ളവും ഉപ്പും കൂടി ചേര്ത്ത് നന്നായി തിള വരുമ്പോള്‍ ഇതിലേക്ക് ചെമ്മീന്‍ ചേര്ത്ത് ഒരു കതിര്‍ കറിവേപ്പില മുകളില്‍ ഇട്ടു അടചു വെച്ച് 20 മിനിറ്റ് വേവിയ്ക്കുക.വെന്തതിനു ശേഷം അടപ്പ് മാറ്റി അര ടീസ്പൂണ്‍ പച്ച വെളിച്ചെണ്ണ ഒഴിച്ച് ,കറി വേപ്പിലയും ചേര്‍ത്ത് ചട്ടി ഒന്ന് ചുറ്റിചെടുക്കുക ചെമ്മീന്‍ മുളക് കറി
തയ്യാര്‍ .

വാല്ക്കഷണം :

ചാറു നല്ല കട്ടിയിലായിരിക്കണം,കുറുകിയില്ലെങ്കിൽ ചെമ്മീനിൽ എരിവു പിടിക്കില്ല.അതിനാണ് മുളകുപൊടി അല്പം വെള്ളം ചേര്ത്തുന കുഴച്ചത്.സവാളയും തക്കാളിയും തേങ്ങാക്കൊത്തും ഒന്നും ചേര്ക്കടണ്ട ഈ കറിയില്‍ ....ചട്ടിയില്‍ തന്നെ കറി വയ്ക്കണം, വേറെ ഒരു ചട്ടി കൂടി ഉണ്ടെങ്കില്‍ അത് ഉപയോഗിച്ച് അടച്ചു വയ്ക്കുക...ഇല്ലെങ്കില്‍ അടപ്പ് മതി. നാടന്‍ കറി യുടെ ടേസ്റ്റ് കിട്ടണം എങ്കില്‍ വെളിച്ചെണ്ണ തന്നെ ഉപയോഗിക്കണം..............

Continue Reading…

ഫിഷ് ഫ്രൈ

സാധാരണ മസാലക്കൂട്ടില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണ് ഇവിടെ ഉപയോഗിച്ചത്

മീന്‍ -5 കഷണം
ഇഞ്ചി , വെളുത്തുള്ളി അരച്ചത്‌ - 1 ടീസ്പൂണ്‍
മല്ലി-1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
പെരുഞ്ചീരകം-അര ടീസ്പൂണ്‍
നാരങ്ങാനീര്-2 ടീസ്പൂണ്‍
വറ്റല്‍മുളക്-3
പച്ചമുളക്-2
ഉപ്പ്
എണ്ണ
കുരുമുളക് പൊടി - ഒരു നുള്ള്
പാചകം ചെയ്യുന്ന വിധം :

കഴുകി വൃത്തിയാക്കിയ മീന്‍ കഷണങ്ങളില്‍ പച്ചമുളക്, വറ്റല്‍ മുളക്, മല്ലി, പെരുഞ്ചീരകം, ഇഞ്ചി, വെളുത്തുള്ളി എന്നിവ മയത്തില്‍ അരച്ചെടുത്തതും മഞ്ഞള്‍പ്പൊടി,കുരുമുളക് , നാരങ്ങാനീര് ,ഉപ്പ് എന്നിവയും കൂടി യോജിപിച്ചു മീന്‍ കഷണങ്ങളില്‍ രണ്ടു വശവും നന്നായി തേച്ചു പിടിപ്പിച്ചു അര മണിക്കൂര്‍ വയ്ക്കുക. മസാല നല്ലപോലെ മീനില്‍ പിടിയ്ക്കാനാണിത്. ഇനി ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. മീന്‍ എണ്ണയി ലേക്ക് ഇട്ട് ഇരുവശവും വറുത്തെടുക്കുക. സ്വാദിഷ്ടമായ ഫിഷ് ഫ്രൈ തയ്യാര്‍

Continue Reading…

മീന്‍ അച്ചാര്‍

സാധാരണയായി അച്ചാര്‍ ഇടുവാന്‍ ഉപയോഗിക്കുന്നത് മോദ, ചൂര , പാര,വറ്റ,നെയ്‌ മീന്‍, മത്തി തുടങ്ങിയവയാണ്.ഇവിടെ നെയ്‌ മീന്‍ ആണ് ഉപയോഗിച്ചത്.

ആവശ്യമായവ :

നെയ്മീന്‍ (ചെറിയ കഷണങ്ങള്‍ ആക്കിയത് )- 1 കിലോ
കാശ്മീരി മുളക് പൊടി -3 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി - 1 ടീസ്പൂണ്‍
കുരുമുളക് പൊടി - 1/2 ടേബിള്‍സ്പൂണ്‍
ഇഞ്ചി - രണ്ട്‌ കഷണം (നീളത്തില്‍ അരിഞ്ഞത്)
വെളുത്തുള്ളി - അര കപ്പ്‌
പച്ചമുളക് - 6 എണ്ണം
ഉലുവ - 1 ടീസ്പൂണ്‍
വിനാഗിരി - ആവശ്യത്തിന്
കറിവേപ്പില , കടുക്, എണ്ണ , വെള്ളം- ആവശ്യത്തിന്
ഉപ്പു - പാകത്തിന്

തയ്യാറാക്കുന്ന വിധം:
നെയ്മീന്‍ കഷണങ്ങള്‍ കഴുകി അല്പം മുളകു പൊടിയും കുരുമുളകും മഞ്ഞളും ഉപ്പും ചേര്ത്ത് പുരട്ടി അര മണിക്കൂര്‍ വെയ്ക്കുക. എന്നിട്ട് പൊടിഞ്ഞു പോകാതെ നല്ല പോലെ മൊരിഞ്ഞു വറുത്തെടുക്കണം(.ഇങ്ങനെ ചെയ്താലേ മീനിലുള്ള വെള്ളത്തിന്റെ അംശം പൊകൂ.അപ്പോള്‍ അച്ചാര്‍ കേടു കൂടാതെ കുറെ നാള്‍ സൂക്ഷിക്കാം.)വറുത്ത മീന്‍ വേറൊരു പാത്രത്തില്‍ കോരി മാറ്റി വെയ്ക്കുക.
ഇനി ഒരു പാനില്‍ മീന്‍ വറുത്ത എണ്ണ ഒഴിച്ചോ അല്ലെങ്കില്‍ മീന്‍ വറുത്ത പാത്രത്തില്‍ തന്നെയോ കടുക് പൊട്ടിച്ചു കറിവേപ്പില താളിയ്ക്കുക., അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത്ചേര്‍ത്ത് വയട്ടുക.ഇനി മുളക് പൊടിയും ഉലുവ പൊടിയും ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വയട്ടുക. ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കാം (,ചാറു വേണമെങ്കില്‍ അല്പം ചൂട് വെള്ളം ചേര്‍ക്കാവുന്നതാണ്.) ഇനി അടുപ്പില്‍ നിന്നും വാങ്ങി വെയ്ക്കുക,അല്‍പം വിനാഗിരി തിളപ്പിച്ച്‌ ആറിച്ചു ഇതില്‍ ഒഴിക്കണം. ഏറ്റവും ഒടുവില്‍ ഒരു നുള്ള് ഉലുവയും ഒരു നുള്ള് കടുകും കല്ലില്‍ ചതച്ചു ഒന്ന് ഇളക്കി ചേര്‍ക്കണം,പ്രത്യേക ഒരു മണംആയിരിക്കും.മീന്‍ വറക്കുമ്പോള്‍ ഉപ്പ് ചേര്‍ത്തിരുന്നതിനാല്‍ ഉപ്പ് വേണമെങ്കില്‍ മാത്രം നോക്കിയിട്ട് ചേര്‍ക്കുക.........
മീന്‍ അച്ചാര്‍ തയ്യാര്‍.തണുക്കുമ്പോള്‍ വെള്ള മയം ഇല്ലാത്ത കുപ്പിയില്‍ ഇട്ടു നന്നായി അടച്ചു വെയ്ക്കുക.

ടിപ്സ് :

മീൻ വറക്കുമ്പോൾ നന്നായി മൂപ്പിക്കാൻ ശ്രെദ്ധിക്കുക, എന്നാൽ കരിയുകയും അരുത്.അല്പം ചൂടാക്കിയ എണ്ണ അച്ചാറിനു മുകളില്‍ തൂകാവുന്നതാണ്..അച്ചാര്‍ കുപിയില്‍ ആക്കിയതിന് ശേഷം ഇടയ്ക്കിടെ ഒന്ന് കുലുക്കി യോജിപ്പിക്കുന്നത് നല്ലതാണ്.
അച്ചാര്‍ കൂടുതല്‍ നാള്‍ വെച്ചേക്കാന്‍ ആണെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
ഉണ്ടാക്കിയ ദിവസം തന്നെ ഉപയോഗിക്കാം ,എങ്കിലും 3 – 4 ദിവസങ്ങള്‍ കഴിഞ്ഞു ഉപഗോഗിക്കുന്നതാകും നല്ലത്, ഡ്രൈ ആയ മീന്‍ വിനാഗിരിയില്‍ കിടന്നു ഒന്ന് മൃദുവായി എരിവൊക്കെ പിടിച്ചു വന്നാലെ രുചി കിട്ടൂ.
പെട്ടെന്ന് കേടാകാനുള്ള സാധ്യത ഉള്ളതിനാല്‍ നനഞ്ഞ കുപ്പിയോ നനഞ്ഞ സ്പൂണോ ഉപയോഗിക്കരുത്.സ്പൂണ്‍ കുപ്പിയിൽ തന്നെ ഇട്ടു വയ്ക്കാതിരിക്കുക അല്ലെങ്കില്‍ അച്ചാർ വേഗം പൂപ്പൽ പിടിച്ചു കേടായി പോകും.
അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് എരിവു കൂട്ടാവുന്നതാണ്....സാധാരണ മീന്‍ അച്ചാറിനു അല്പം എരിവു വേണം .

Continue Reading…

ബീഫ് കട്ട്‌ലറ്റ് .......

സ്വാദിഷ്ടമായ കട്ട്‌ ലറ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കു.അതിനു കുറെ കാര്യങ്ങള്‍ അറിയണം .ബീഫ് കൂടുതലും , ഉരുളക്കിഴങ്ങും സവാളയും കുറഞ്ഞും പോയാല്‍ രുചി കിട്ടില്ല.ആവശ്യത്തിനു ഉരുളക്കിഴങ്ങ് ചേര്ക്കണം.ഉരുളക്കിഴങ്ങ് ഒരളവില്‍ കൂടി പോയാല്‍ ഉരുട്ടുവാന്‍ പ്രയാസമാണ് താനും.ഉപ്പ് പാകത്തിന് ആയിരിക്കണം.

സവാള ,ഇഞ്ചി, പച്ചമുളക് എന്നിവ ചോപ്പെര്‍ ഉപയോഗിച്ച് അരിയുന്നതാകും കട്ട്‌ ലറ്റിന് നല്ലത്. കട്ട്‌ ലറ്റിന്റെ അകം നന്നായി വേവണം, തീയ് കൂട്ടി ഇടരുത് . രുചിയില്‍ ആണ് കാര്യം എങ്കിലും കട്ട്‌ ലറ്റിന്റെ ആകൃതി ,നിറം ഇവ കൂടി നന്നായി വരണം.ഇന്ന് ആകൃതി ശെരിയാക്കാന്‍ ലവ് ,ഓവല്‍ , സ്റ്റാര്‍ തുടങ്ങിയ ആകൃതിയിലുള്ള ഫ്രെയിം വാങ്ങാന്‍ കിട്ടും.അല്ലെങ്കില്‍ ടേബിള്‍ സ്പൂണിനേക്കാള്‍ അല്പം കൂടി വലിയ സ്പൂണ്‍ ഉപയോഗിച്ചാല്‍ ഓവല്‍ ആകൃതി കിട്ടും.,വട്ടത്തിലും ഉണ്ടാക്കാം.അല്പം ക്ഷമയോടെ ചെയ്‌താല്‍ നല്ല ഒരു ആകൃതി കിട്ടും, കഴിവതും ബ്രെഡ്‌ പൊടി രണ്ടു കയ്യിലും ആക്കാതെ വൃത്തിയായി ചെയ്യുക, പൊടിയൊന്നും എണ്ണയില്‍ വീഴാതെ നോക്കണം.അല്ലെങ്കില്‍ കട്ട്‌ ലറ്റില്‍ പറ്റി പിടിച്ചു അവിടെയും ഇവിടെയും കരിഞ്ഞ പോലെ കാണും.... കട്ട്‌ ലറ്റ് മുട്ടയില്‍ മുക്കി എണ്ണയില്‍ ഇടുമ്പോള്‍ പൊടിയാതെ നോക്കണം.കട്ട്‌ ലറ്റ് മുങ്ങി കിടക്കാനുള്ള എണ്ണ വേണം.എണ്ണ നന്നായി ചൂടായതിനു ശേഷം മാത്രമേ കട്ട്‌ ലറ്റ് ഇടാവു.രണ്ടും വശവും നന്നായി മൊരിഞ്ഞു ഗോള്‍ഡന്‍ ബ്രൌണ്‍ ആകണം.അതാണ്‌ ശെരിയായ നിറം.....കട്ട്‌ ലറ്റ് മിക്സ് ബാക്കി വന്നാല്‍ ഫ്രിഡ്ജില്‍ ഒരു ആഴ്ച വരെ സൂക്ഷിക്കാം . പച്ചമുളകിന്റെയും കുരുമുളകിന്റെയും അളവ് എരിവു അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം ....

ആവശ്യമായവ :

ബീഫ് – 1 കിലോ
ഉരുളക്കിഴങ്ങ് – 3
പച്ചമുളക് - 5 – 6
ഇഞ്ചി – ഒരു ഇടത്തരം കഷണം
മുട്ട - 1 – 2
ബ്രെഡ്‌ പൊടി / റെസ്ക് പൊടി – ആവശ്ജ്യതിനു
സവാള - 3 - 4
ഗരം മസാല -1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്പൊ്ടി - 1/4 ടീസ്പൂണ്‍
കറി വേപ്പില - 1 കതിര്‍
ഉപ്പ് പാകത്തിന്
എണ്ണ ആവശ്യത്തിന് ,വെളിച്ചെണ്ണ ആണ് നല്ലത്.

തയ്യാറാക്കുന്ന വിധം ;

ബീഫ് നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങള്‍ ആക്കി പ്രഷര്‍ കുക്കെറില്‍ ഇട്ടു ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിയ്ക്കുക.അല്പം ഉപ്പ് ചേര്ക്കാന്‍ മറക്കണ്ട.ഇനി ചൂട് ആറിയതിനു ശേഷം വെന്ത ബീഫ് ഒരു മിക്സറില് ചെറുതായി അരച്ച് എടുക്കുക.
ഇനി ഉരുളക്കിഴങ്ങ് തൊലിയോട് കൂടി തന്നെ കഴുകി അല്പം വെള്ളം ചേര്ത്തു പ്രഷര്‍ കുക്ക് ചെയ്യുക.
ഇഞ്ചി ,സവാള ,പച്ചമുളക്,കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക.ഇനി ഒരു ചീനച്ചട്ടി ചൂടാക്കി ഇവ വഴറ്റുക.,ഇതിലേക്ക് കുരുമുളക് പൊടി ,ഗരം മസാല,മഞ്ഞള്പൊടി,ഉപ്പ് എന്നിവ ചേര്ത് വീണ്ടും വഴറ്റുക.ഇതിലേക്ക് ബീഫ് ഇട്ടു 3- 4 മിനിറ്റ് വഴറ്റുക,ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു കൈ കൊണ്ട് ഉടച്ചു ഇതിലേക്ക് ചേര്ക്കുക.അഞ്ചു മിനിറ്റ് നന്നായി ഇളക്കുക.ഇനി തീയ് അണയ്ക്കുക.ചൂട് മാറിയതിനു ശേഷം കൈ കൊണ്ട് ഒന്ന് കൂടി നന്നായി യോജിപ്പിക്കുക.
ഇനി നിങ്ങള്ക്ക് ഇഷ്ടമുള്ള ആകൃതിയില്‍ പരത്തുക.നമ്മുടെ വീട്ടില്‍ ഉള്ള അനുയോജ്യമായ ആകൃതി കിട്ടുന്ന എന്ത് വേണേലും ഉപയോഗിക്കാം.
ഇനി ഒരു പാത്രത്തില്‍ മുട്ടയുടെ വെള്ള എടുത്തു വയ്ക്കുക, മറ്റൊരു പാത്രത്തില്‍ ബ്രെഡ്‌ പൊടിയും....
ഒരു പാനില്‍ എണ്ണ ഒഴിച്ച് നന്നായി ചൂട് ആകുമ്പോള്‍ ബീഫ് മിക്സ് ഉരുട്ടിയത് മുട്ട വെള്ളയില്‍ മുക്കി ബ്രെഡ്‌ പൊടിയില്‍ മുക്കി എണ്ണയില്‍ ഇട്ടു രണ്ടു വശവും മൊരിച്ച് എടുക്കുക.
സ്വാദിഷ്ടമായ, ബീഫ് കട്ട്‌ ലറ്റ് തയ്യാര്‍..

Continue Reading…

ബീറ്റ്റൂട്ട് പച്ചടി

പല വിധ പച്ചക്കറികള്‍ കൊണ്ട് നമുക്ക് പച്ചടി ഉണ്ടാക്കാം,ഇവിടെ ബീറ്റ് റൂട്ട് ഉപയോഗിച്ച് പച്ചടി വെയ്ക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍:

ബീറ്റ്റൂട്ട് - ഇടത്തരം ഒന്ന്
തൈര് - ഒന്നര കപ്പ്‌
പച്ചമുളക് - 3
ജീരകം - ഒരു നുള്ള്
കുഞ്ഞുള്ളി - 5 അല്ലി
വെളുത്തുള്ളി - 2 അല്ലി
ഇഞ്ചി - ഒരു ചെറിയ കഷണം
തേങ്ങാ തിരുമ്മിയത്‌ - 1/4 കപ്പ്‌
വറ്റല്‍ മുളക് - 2
കടുക് - 1/4 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
കറി വേപ്പില - ഒരു കതിര്‍

തയ്യാറാക്കുന്ന വിധം :

ആദ്യം ബീറ്റ് റൂട്ട് തൊലി ചെത്തി നന്നായി കഴുകി ഗ്രേറ്റ് ചെയ്തെടുക്കുക. കുറച്ചു വെള്ളം ഒഴിച്ച് ബീറ്റ് റൂട്ട് വേവിയ്കുക.

പച്ചമുളക് ,ഇഞ്ചി,കുഞ്ഞുള്ളി ,വെളുത്തുള്ളി എന്നിവ തീരെ ചെറുതായി അരിയുക.

തേങ്ങയും ജീരകവും ഒരു കുഞ്ഞുള്ളിയും കൂടി മിക്സറില്‍ നല്ല നേര്‍മയായി അരച്ചെടുക്കുക.

ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും കറി വേപ്പിലയും വറ്റല്‍ മുളകും താളിച്ചു ഇഞ്ചിയും കുഞ്ഞുള്ളിയും പച്ചമുളകും വെളുത്തുള്ളിയും അരിഞ്ഞതു ഇട്ടു നന്നായി വഴറ്റുക, വഴന്നു കഴിയുമ്പോള്‍ വേവിച്ചു വെച്ചിരിയ്ക്കുന്ന ബീറ്റ്റൂട്ട് കൂടി ചേര്‍ത്തു നന്നായി വഴറ്റുക.ഈ സമയം ആവശ്യത്തിനു ഉപ്പ് ചേര്‍ക്കാം.
ഇതിലേക്ക് തേങ്ങാ അരപ്പ് ചേര്‍ത്തു ഇളക്കുക.ഒന്ന് ചൂടായതിനു ശേഷം തീ അണയ്ക്കുക.
ആവശ്യത്തിനു തൈരും നന്നായി ഇളക്കി ചേര്‍ക്കുക.

ബീറ്റ് റൂട്ട് പച്ചടി തയ്യാര്‍.

വാല്‍ക്കഷണം :
പച്ചടിയ്ക്കു വെളുത്തുള്ളി ,ഇഞ്ചി,ജീരകം എന്നിവ ചേര്‍ക്കും.പക്ഷെ വെളുത്തുള്ളി രണ്ടു അല്ലിയില്‍ കൂടരുത്.ജീരകവും ഒരു നുള്ള് മതി, ഇവ കൂടിപോയാല്‍ രുചി മാറും

Continue Reading…

ചിക്കന്‍ ഫ്രൈ :(Simple Chicken Fry)

ആവശ്യമായവ:

ചിക്കന്‍ ലെഗ് - 5
കാശ്മീരി മുളക് പൊടി - 1 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
ഗരം മസാല - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു നുള്ള്
ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്പൂണ്‍
കറി വേപ്പില ,ഉപ്പ് -ആവശ്യത്തിന്

മസാല കുഴച്ചു വെയ്ക്കാന്‍ നാരങ്ങാ നീര് വേണമെങ്കില്‍ ഉപയോഗിക്കാം ,
(മസാല പൊടികള്‍ എല്ലാം കൂടി ഒന്ന് കുഴച്ചു വെയ്ക്കുക.)
എരിവു കൂട്ടണമെങ്കില്‍ കൂട്ടിക്കോ ..ചിക്കന് കുരുമുളക് ആണ് കൂടുതല്‍ ടേസ്റ്റ് ...

അല്പം മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്തു ചിക്കന്‍ ആവിയില്‍ ഒന്ന് പുഴുങ്ങിയതിനു ശേഷം ചിക്കനില്‍ മസാല പുരട്ടി വെച്ചിട്ട് ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.കറി വേപ്പില കൂടി വറുത്തിടുക.

ചിക്കന്‍ഫ്രൈ റെഡി.ചിക്കന്‍ പുഴുങ്ങിയതിനു ശേഷം വറത്താല്‍ ചിക്കന്‍ ഉള്‍വശം എല്ലാം നന്നായി വെന്തു കിട്ടും.

Continue Reading…

ഫ്രൈഡ് റൈസ്


ആവശ്യമായവ് :

ബസ്മതി റൈസ് - 1 കിലോ
കിസ്മിസ് - 15 -20
അണ്ടിപ്പരിപ്പ് - 15
ഗ്രീന് പീസ് --ഒരു കപ്പ്
കാപ്സിക്കം --ഒന്ന്
പച്ചമുളക് -2
മുട്ട - 2
ഇഞ്ചി - 1 സ്പൂണ് ചെറുതായി അരിഞ്ഞത്
സോയാ സോസ് -3 ടീസ്പൂണ്
കുരുമുളക് പൊടി - 1 ടീസ്പൂണ്
ബീന്സ് - 7
ക്യാരറ്റ് - 1 എണ്ണം
സവോള - 4 എണ്ണം.
ഉപ്പ് - പാകത്തിന്.
എണ്ണ / നെയ്യ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം ;

ബസ്മതി റൈസ് കഴുകി 1/2 മണിക്കൂര് കുതിര്ത്തതിനു ശേഷം നന്നായി വാര്ത്തെടുക്കുക.
വാര്ത്തെടുത്ത ബസ്മതി റൈസ് അല്പം നെയ്യ് ചേര്ത്ത് ഒരു ഫ്രൈയിംഗ് പാനില് അടുപ്പത്ത് വച്ച് ഇളം ബ്രൗണ് നിറമാകുന്നതുവരെ തുടരെ ഇളക്കുക.
ഒരു പാത്രത്തില് 2 സ്പൂണ് ഉപ്പു എന്നിവചേര്ത്ത് വെള്ളം തിളപ്പിക്കുക. വറുത്തെടുത്ത ബസ്മതി റൈസ് തണുത്തതിനു ശേഷം തിളച്ച വെള്ളത്തിലേയ്ക്ക് ഇട്ട് 12 മിനിട്ട് വേവിക്കുക. 8 മിനിറ്റ് ആകുമ്പോള്മുതല് ഇടക്കിടെ വേവ് നോക്കണം.റൈസ് വേവുമ്പോള് വെള്ളം പറ്റി പോകാത്ത അത്രയും വെള്ളം ഉണ്ടായിരിക്കണം. വെന്ത ബസ്മതി റൈസ് നന്നായി വാര്ത്തെടുക്കുക.
വാര്ത്തെടുത്ത റൈസ് കുറേശ്ശെ, ഒരു ഫ്രൈയിംഗ് പാനില് കുറച്ച് നെയ്യൊഴിച്ച് ചെറുതായി വറത്തെടുക്കുക.
. ചെറുതായി അരിഞ്ഞ സവോള ബ്രൗണ് നിറമാവുന്നതുവരെ എണ്ണയില് വറുത്ത് കോരുക
ചെറുതായി അരിഞ്ഞ ബീന്സ്, ക്യാരറ്റ് , കാപ്സിക്കം, ഗ്രീന് പീസ് എന്നിവ എണ്ണയില് വറുത്തു കോരുക.ബീന്സും ക്യാരറ്റും ഒക്കെ എണ്ണയിൽ വറക്കാതെ പ്രഷർ കുക്കറിൽ ഒരു വിസിൽ മാത്രം ഇട്ടു വേവിച്ചാൽ നിറം നഷ്ടപെടില്ല.
കിസ്മിസ്, അണ്ടിപ്പരിപ്പ് എന്നിവ വറുത്തു കോരുക. ഒരു പാനിൽ 1 tbsp എണ്ണ ഒഴിച്ച് അതിലേക്കു ഇഞ്ചിയും പച്ച മുളകും ഇടുക .ഇഞ്ചി ബ്രൌണ് നിറമാകുമ്പോള് തയ്യാറാക്കിയ ബസ്മതി റൈസില് വറത്തു വെച്ചിരിയ്ക്കുന്ന സവോള, ബീന്സ്, ക്യാരറ്റ്, കിസ്മിസ്, അണ്ടിപ്പരിപ്പ്, സോയാ സോസ് ,കുരുമുളക് പൊടി എന്നിവ ചേര്ത്തിളക്കുക.. മുട്ട പാനിലിട്ടു കുരുമുളക് ചേര്ത്ത് ചിക്കിയെടുത്തതും. ഫ്രൈഡ് റൈസിൽ
ചേര്ത്ത് നന്നായ് മിക്സ് ചെയ്യുക
സ്പ്രിംഗ് ഒനിയൻ ചെറുതായി മുറിച്ചു മുകളില വിതറി അലങ്കരിയ്ക്കുക..രുചികരമായ ഫ്രൈഡ് റൈസ് തയ്യാർ...

( റൈസ് മിക്ല്സ് ചെയ്യുമ്പോള്‍ അല്ലാതെ ബീന്‍സ് ,ക്യാരറ്റ് തുടങ്ങിയവ വഴറ്റുമ്പോള്‍ സോയ സോസ് ചേര്‍ക്കാവുന്നതാണ്.)
( ചൈനീസ് ഫ്രൈട് റൈസില്‍ അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ചേര്‍ക്കാറില്ല.ഞാന്‍ ചേര്‍ത്തു എന്ന് മാത്രം )

Continue Reading…

ചിക്കന്‍ മസാലക്കറി ( സവാള – തക്കാളി അരച്ച് ചേര്ത്തത് )

എന്നും ഒരേ രീതിയില്‍ തന്നെ ചിക്കന്‍ കറി കഴിച്ചു മടുത്തവര്‍ക്ക് വേണ്ടി ആണ് ഈ റെസിപി .ഇത് സാധാരണ ചിക്കന്‍ കറിയില്‍ നിന്നും കുറച്ചു വ്യത്യസ്തമാണ് ,ഇതിനു സവാളയും തക്കാളിയും അരച്ച് ചേര്‍ക്കുന്നത് കൊണ്ട് ഗ്രേവി അല്പം കുറുകിയിരിക്കും ,കൂടാതെ നിറത്തിലും അല്പം വ്യത്യാസം ഉണ്ട്. ചിലര്‍ സവാള വഴട്ടാതെ പച്ചയ്ക്ക് അരച്ച് ചേര്‍ക്കും .പക്ഷെ ഇതില്‍ വഴറ്റി തന്നെയാണ് ചേര്‍ത്തിരിക്കുന്നത്.അതാണ്‌ കൂടുതല്‍ രുചികരം.

ആവശ്യമായവ:
ചിക്കന്‍ - 1 കിലോ
സവാള - 2
ഇഞ്ചി - ഒരു ചെറിയ കഷണം
വെളുത്തുള്ളി – 6 അല്ലി
തക്കാളി - 1 1/2 ഇടത്തരം
കാശ്മീരി മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - 1 ടീസ്പൂണ്‍
മല്ലിപൊടി - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്പൊടി – ½ ടീസ്പൂണ്‍
ഗരം മസാല - 2 ടീസ്പൂണ്‍
മല്ലിയില നുറുക്കിയത് (അലങ്കരിക്കാന്‍ , വേണമെങ്കില്‍ മാത്രം)
ഉപ്പ് പാകത്തിന്
എണ്ണ ആവശ്യത്തിന്
കറിവേപ്പില

തയ്യാറാക്കുന്ന വിധം :
ചിക്കന്‍ മുറിച്ചു കഷണങ്ങളാക്കി കഴുകി മാറ്റി വയ്ക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക.നന്നായി വഴന്നു കഴിഞ്ഞാല്‍ തീയ് അണയ്ക്കുക, വഴറ്റിയ സവാള എണ്ണയില്‍ നിന്നും മാറ്റി ഒരു പേപ്പര്‍ ടവല്‍ ഉണ്ടെങ്കില്‍ അതില്‍ വയ്ക്കുക.
അല്പ നേരം കഴിഞ്ഞു ഈ സവാള ഒരു മിക്സെറില്‍ അരച്ചെടുത്ത് മാറ്റി വയ്ക്കുക.
ഇനി തക്കാളിയും ഇഞ്ചിയും വെളുത്തുള്ളിയും മിക്സെറില്‍ അരച്ചെടുത്ത് വയ്ക്കുക
പാന്‍ വീണ്ടും ചൂടാക്കുക,എണ്ണ ചൂടാകുമ്പോള്‍ സവാള പേസ്റ്റ് ചേര്ത്തു് 2 മിനിറ്റ് വഴറ്റുക. ഇതിലോട്ടു തക്കാളി വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേര്ക്കു ക ,മസാലകളും ചേര്ത്തു എണ്ണ തെളിയുന്നത് വരെ വീണ്ടും വഴറ്റുക..ഇതിലേക്ക് ചിക്കന്‍ ചേര്ക്കു ക.ആവശ്യത്തിന് ഉപ്പും ചേര്‍ത്തു ണ്ടു കപ്പ്‌ ചൂട് വെള്ളം ഒഴിച്ച് തീയ് കുറച്ചു അടച്ചു വെച്ച് വേവിയ്ക്കുക.വെന്തു കഴിഞ്ഞു കറിവേപ്പിലയും കടുകും താളിച്ച്‌ ചേര്‍ക്കുക.മല്ലിയില വിതറി അലങ്കരിക്കാം. ചപ്പാത്തി,റൊട്ടി ,അപ്പം എന്നിവയുടെ കൂടെ കഴിക്കാം.

Continue Reading…

Popular Posts

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Copyright © Adukkalakaaryam | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates