Saturday, August 1, 2015

ചമ്മന്തിപ്പൊടി/ ഇടിച്ചമ്മന്തി/വറുത്തിടിച്ച ചമ്മന്തി

ആവശ്യമുള്ളവ:

തേങ്ങ ചിരകിയത് - ഒരു തേങ്ങ .
വറ്റല്‍ മുളക് - 15 എണ്ണം , വറ്റല്‍ മുളകിന്റെ എണ്ണം കൂട്ടി എരിവു കൂട്ടാവുന്നതാണ്.
കറിവേപ്പില - കുറച്ച്
കുഞ്ഞുള്ളി - 6 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷണം
വാളന്‍ പുളി - ഒരു നെല്ലിക്ക വലുപ്പത്തില്‍
കായം - ഒരു നുള്ള്
ഉപ്പ് - പാകത്തിന്

കുരുമുളക് - ഒരു ടേബിള്‍സ്പൂണ്‍
ഉഴുന്ന് - 3 ടേബിള്‍സ്പൂണ്‍ ; ഇത് രണ്ടും മൂപ്പിച്ചു പൊടിച്ചെടുക്കുക.
.

ഉണ്ടാക്കുന്ന വിധം :

ഉരുളിയിലോ അടി കട്ടിയുള്ള പാത്രത്തിലോ തേങ്ങയും വറ്റല്‍ മുളകും കറി വേപ്പിലയും ഇഞ്ചി അരിഞ്ഞതും കുഞ്ഞുള്ളിയും കായവും കൂടി ഒന്നിച്ചിട്ടു ചൂടാക്കി മൂപ്പിച്ചെടുക്കുക. തേങ്ങ നല്ല പോലെ വറുത്തെടുക്കുക.ചെറിയ തീയില്‍ വറക്കാന്‍ ശ്രദ്ധിയ്ക്കുക.കരിഞ്ഞു പോകരുത്.

ഇനി ചൂടാറിയശേഷം എല്ലാം കൂടി വറത്തു വച്ചിരിയ്ക്കുന്ന കുരുമുളക് പൊടിയും ഉഴുന്നുപൊടിയും പുളിയും ഉപ്പും ചേർത്ത് മിക്സറില്‍ പൊടിച്ചെടുക്കണം. തരുതരുപ്പായി പൊടിഞ്ഞാൽ മതി .ഉരലും ഉലക്കയും ഇല്ലാത്തതു കൊണ്ടാണ് മിക്സറില്‍ പൊടിയ്ക്കുന്നത് . എല്ലാ ചേരുവകളും പൊടിഞ്ഞ് യോജിച്ചാൽ ചമ്മന്തിപ്പൊടി തയ്യാർ .
കഞ്ഞിയുടെയോ ചോറിന്റെയോ ഇഡലിയുടെയോ കൂടെ കഴിയ്ക്കാവുന്നതാണ്.

ടിപ്സ് :
ഒരു മാസം വരെ പ്ലാസ്റിക് പാത്രങ്ങളിലോ കുപ്പികളിലോ കേടു കൂടാതെ സൂക്ഷിയ്ക്കാവുന്നതാണ്.
വറ്റല്‍ മുളക് ഇല്ലെങ്കില്‍ മുളകുപൊടി ചേര്‍ക്കാവുന്നതാണ്.
ഇടിച്ചമ്മന്തി പല സ്ഥലങ്ങളിലും പല രീതിയില്‍ ഉണ്ടാക്കാറുണ്ട്.ഇത് എന്റെ വല്യമ്മച്ചിയുടെ രീതി ആണ് .
ചില സ്ഥലങ്ങളില്‍ മല്ലിയും വെളുത്തുള്ളിയും ജീരകവും ചേര്‍ക്കാറുണ്ട്.ചിലര്‍ അല്പം ശര്‍ക്കര കൂടി ചേര്‍ക്കാറുണ്ട്.

Continue Reading…

മാങ്ങ ചമ്മന്തി


ചേരുവകള്‍ :
പച്ച മാങ്ങ - ഒന്നിന്‍റെ പകുതി(കഷണങ്ങളാക്കിയത് )
പച്ചമുളക് - 2-3
തേങ്ങ തിരുമ്മിയത്‌ - 1 കപ്പ്‌
കുഞ്ഞുള്ളി - 3 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്
ഉപ്പ് - പാകത്തിന്
കറി വേപ്പില -2 ഇലകള്‍

ചെയ്യേണ്ട വിധം:

മുകളില്‍ കൊടുത്തിരിയ്ക്കുന്ന ചേരുവകള്‍ എല്ലാം കൂടി വെള്ളം ഒട്ടും ചേര്‍ക്കാതെ ഒരു മിക്സറില്‍ അരച്ചെടുക്കുക.

ടിപ്സ് :
പച്ചമുളക് ,വറ്റല്‍മുളക്,കാന്താരി ഇവയില്‍ ഏതു വേണമെങ്കിലും ചേര്‍ക്കാം.
മാങ്ങ ഉള്ളതു കൊണ്ട് വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല.
കറി വേപ്പില കൂടിയാല്‍ കയ്പ്പ് രുചി വരും.

Continue Reading…

ഉണക്ക നെത്തോലി - വറുത്ത തേങ്ങാ ചമ്മന്തി


ചേരുവകള്‍ :

തേങ്ങാ വറുത്തത് – ½ കപ്പ്‌
ഉണക്ക നെത്തോലി - ¼ കപ്പ്‌ ( തലയും വാലും കളഞ്ഞത് കഴുകി വറതെടുത്തു വേണം .)
മുളക് പൊടി – 1 ടീസ്പൂണ്‍ ,
വറ്റല്‍ മുളക് ചതച്ചത് – ½ ടീസ്പൂണ്‍
കുഞ്ഞുള്ളി – 2-3
വാളന്‍ പുളി – കുറച്ചു
കറി വേപ്പില – 1 കതിര്‍
ഉപ്പ് - പാകത്തിന്
ഇവയെല്ലാം കൂടി മിക്സറില്‍ പൊടിച്ചെടുക്കുക. അരകല്ല് ഉണ്ടെങ്കില്‍ അതില്‍ ചതച്ചു എടുക്കുന്നതാണ് കൂടുതല്‍ നല്ലത്.ഒരുപാട് അരയരുത്.

കറിവേപ്പില താളിയ്ക്കാന്‍ :

കടുക്
ഉഴുന്ന് പരിപ്പ് - ഒരു നുള്ള്
വെളിച്ചെണ്ണ
കറി വേപ്പില

ഉണ്ടാക്കുന്ന വിധം

ഒരു ചീനച്ചട്ടിയില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ച് കറി വേപ്പില ,കടുക്,ഉഴുന്ന് പരിപ്പ് എന്നിവ പൊട്ടിച്ചു അതിലേക്ക് ചമ്മന്തി പൊടിച്ചത് ചേര്ത്തിളക്കുക.സ്വാദിഷ്ടമായ ഉണക്ക നെത്തോലി ചമ്മന്തി തയ്യാര്‍....

തേങ്ങാ പച്ചയ്ക്കും വറത്തും ചുട്ടും ഒക്കെ ഇങ്ങനെ ഉണ്ടാക്കാം..എരിവു വേണമെങ്കില്‍ കൂട്ടാം.

Continue Reading…

ഉള്ളി ചമ്മന്തി

ആവശ്യമായവ :

കുഞ്ഞുള്ളി - 15 എണ്ണം
വറ്റല്‍ മുളക് - - 10 എണ്ണം
കറിവേപ്പില - കുറച്ചു ഇലകള്‍
വെളിച്ചെണ്ണ - കുറച്ച്
ഉപ്പ്- പാകത്തിന്

ഉണ്ടാക്കുന്നത്‌ :

ആദ്യം ഒരു പാന്‍ ചൂടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് വറ്റല്‍ മുളകും കുഞ്ഞുള്ളിയും കറി വേപ്പിലയും വഴറ്റുക.കുഞ്ഞുള്ളി നന്നായി ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റണം.എന്നിട്ട് തീയ് അണച്ച് ഇത് ചൂട് ആറിയതിനു ശേഷം ഒരു മിക്സറില്‍ ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അരച്ച് എടുക്കുക..

.ഒരു ബൌളിലെക്ക് മാറ്റി ഉപ്പ് പാകം ആണോന്നു നോക്കി കുറച്ചു കൂടി വെളിച്ചെണ്ണ ചേര്‍ത്ത് എരിവു നമുക്ക് കഴിയ്ക്കുവാന്‍ തക്ക പാകത്തില്‍ ആക്കുക..

ചൂട് ദോശ / ഇഡ്ഡലി / അപ്പം എന്തിന്റെ കൂടെ വേണേലും കഴിയ്ക്കാം....

ഇനി ഒരു കാര്യം ചൂട് ചോറിന്റെ കൂടെ ഈ ചമ്മന്തി കൂട്ടി കഴിച്ചാല്‍ പ്രത്യേക ഒരു രുചിയാണ്....ഒരു പ്ലേറ്റ് ചോറ് കഴിച്ചു പോകും. ചോറിന്റെ കൂടെ കഴിയ്ക്കുവാന്‍ ആണെങ്കില്‍ അരയ്ക്കുമ്പോള്‍ കുറച്ചു വാളന്‍ പുളി കൂടി ചേര്‍ക്കാം

Continue Reading…

Friday, July 10, 2015

വെള്ളയപ്പം

ഒരു കാര്യം ആദ്യമേ പറഞ്ഞു കൊള്ളട്ടെ ..പല സ്ഥലങ്ങളിലും ഇതിനു പല പേര് ആണ്.ഞങ്ങള്‍ ഇതിനെ വെള്ളയപ്പം എന്നാണ് പറയുന്നത്.ഉണ്ടാക്കുന്ന രീതിയും വ്യത്യസ്തമാണ് .
എന്റെ അമ്മ ഉണ്ടാക്കുന്ന രീതി ആണ് ഞാന്‍ ഇവിടെ കുറിയ്ക്കുന്നത്.പാവ് കാച്ചുന്ന വേറെ ഒരു രീതിയും ഉണ്ട്.
ആവശ്യമായവ
പച്ചരി - കാല്‍ കിലോ
തേങ്ങാ തിരുമ്മിയത്‌ - അര മുറി
യീസ്റ്റ് - ഒരു നുള്ള്
പഞ്ചസാര - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
ചോറ് - 3-4 ടേബിള്‍സ്പൂണ്‍
ഉണ്ടാക്കുന്ന വിധം ;
പച്ചരി എട്ടു മണിക്കൂര്‍ എങ്കിലും കുതിര്‍ക്കാന്‍ വയ്ക്കുക.കുതിര്‍ത്തതിനു ശേഷംഅരി കഴുകി വാരി മിക്സറില്‍ നന്നായി അരച്ചെടുക്കുക,അരയ്ക്കുമ്പോള്‍ ചോറും യീസ്റ്റും കൂടി അരയ്ക്കണം.ഇനി അരി അരച്ചത്‌ പൊങ്ങുവാന്‍ വേണ്ടി ഏറ്റവും കുറഞ്ഞത്‌ 8 മണിക്കൂര്‍ വയ്ക്കണം.ഇനി അപ്പം ചുടുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പ് അര മുറി തേങ്ങാ തിരുമ്മിയത്‌ അരച്ച് ചേര്‍ക്കണം,ഇനി പാകത്തിന് ഉപ്പും പഞ്ചസാരയും ചേര്‍ത്തു നന്നായി ഇളക്കി വയ്ക്കുക.രണ്ടു മണിക്കുറിനു ശേഷം വെള്ളയപ്പം ചുട്ടെടുക്കാം.

Continue Reading…

കുട്ടനാടന്‍ എഗ്ഗ് റോസ്റ്റ്

എഗ്ഗ് റോസ്റ്റ് കേരളത്തില്‍ തന്നെ പല സ്ഥലത്ത് പല രീതിയില്‍ ആണ് ഉണ്ടാക്കുന്നത്‌.അതായതു മസാല ,ഉണ്ടാക്കുന്ന വിധം ,നിറം ,എരിവു ഒക്കെ വെവ്വേറെയാണ് .
എന്നും എഗ്ഗ് റോസ്റ്റ് ഉണ്ടാക്കുന്നതില്‍ നിന്നും അല്പം വ്യത്യാസം നോക്കി തപ്പി ഇറങ്ങിയത്‌ ചെന്ന് നിന്നത് ഒരു കുട്ടനാടന്‍ എഗ്ഗ് റോസ്റ്റില്‍ ആണ്.വെള്ളയപ്പം,പുട്ട് ,ചപ്പാത്തി എന്നിവയുടെ ഒക്കെ കൂടെ നല്ല കോമ്പിനേഷന്‍ ആണിത്.
അല്പം എരിവു കൂട്ടി ,കുഞ്ഞുള്ളി മാത്രo ചേര്‍ത്തു ഉണ്ടാക്കുന്ന ഒരു കിടിലന്‍ റോസ്റ്റ്.
വേണ്ട സാധനങ്ങള്‍
മുട്ട പുഴുങ്ങിയത് - നാലെണ്ണം
കുഞ്ഞുള്ളി - 20 - 30 എണ്ണം
തക്കാളി - വലിയ ഒന്ന്
കറി വേപ്പില - 3 കതിര്‍
കടുക് - 1/2 ടീസ്പൂണ്‍
കാശ്മീരി മുളക് പൊടി - 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
പെരുംജീരകം പൊടിച്ചത് - 1/2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
എണ്ണ - ആവശ്യത്തിനു ചേര്‍ക്കുക,ഈ റോസ്റ്റിന് ഉള്ളി നന്നായി വഴന്നു വരണം,വെള്ളവും ഒരുപാടു ചേര്‍ക്കുന്നില്ല,അത് കൊണ്ട് എണ്ണ ഇത്തിരി കൂടുതല്‍ ചേര്‍ക്കും
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക്,കറി വേപ്പില എന്നിവയും ,ഇഞ്ചി യും വെളുത്തുള്ളിയും കൊത്തിയരിഞ്ഞതും ചേര്‍ത്തു വഴറ്റുക.അതിലേക്കു ഉള്ളി അരിഞ്ഞതും ചേര്‍ത്തു വഴറ്റുക.ഇപ്പോള്‍ ആവശ്യത്തിനു ഉപ്പ് കൂടി ചേര്‍ക്കുക.
ഇനി ഒരു ചെറിയ പാത്രത്തില്‍ മുളക് പൊടിയും മഞ്ഞള്‍ പൊടിയും ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം ഒഴിച്ച് പേസ്റ്റ് പരുവമാക്കി വഴന്നു കൊണ്ടിരിയ്ക്കുന്ന സവാളക്കൂട്ടിലേയ്ക്ക് ചേര്‍ത്തു മൂപ്പിക്കുക.ഇങ്ങനെ വെള്ളത്തില്‍ കലര്‍ത്തി മുളക് പൊടി ചേര്‍ക്കുമ്പോള്‍ നിറം കുറയില്ല.ഇപ്പോള്‍ പെരുംജീരകം പൊടിച്ചതും ചേര്‍ക്കുക. ഇനി തക്കാളി അരിഞ്ഞതും വഴറ്റി രണ്ടോ മൂന്നോ സ്പൂണ്‍ വെള്ളം ഒഴിച്ച് മുട്ടയും ചേര്‍ത്തു അടച്ചു വെയ്ക്കുക മുട്ട കീരിയിടുകയോ വരഞ്ഞു ചേര്‍ക്കുകയോ ചെയ്യാം. കുഞ്ഞുള്ളിയും തക്കാളിയും മുട്ടയുടെ കൂടെ കടിയ്ക്കുന്ന പരുവത്തില്‍ വഴറ്റിയാല്‍ മതി. അതാണ്‌ കഴിയ്ക്കുവാന്‍ രുചി.ഈ റോസ്റ്റ് ഒരുപാട് നേരം വേവണ്ട.നല്ല പെരണ്ടിരിയ്ക്കുന്ന ഒരു റോസ്റ്റ് ആണിത്....രുചികരമായ കുട്ടനാടന്‍ എഗ്ഗ് റോസ്റ്റ് തയ്യാര്‍ ആയി.
കുട്ടനാടന്‍ റോസ്റ്റ് എന്നൊക്കെ പറയുമ്പോള്‍ അല്പം എരിവു കൂടുതല്‍ വേണം.ശെരിക്കും ഈ റെസിപിയില്‍ മുളക് പൊടി രണ്ടു സ്പൂണ്‍ ചേര്‍ത്തു നല്ല എരിവു ഉള്ള കറി ആണ്..കുഞ്ഞുള്ളി രണ്ടായി കീറിയിട്ടു വഴറ്റി എടുത്തു വേണം ഇതുണ്ടാക്കാന്‍ .ഞാന്‍ കുഞ്ഞുള്ളിയ്ക്ക് പകരം ഞാന്‍ മൂന്നു സവാള അരിഞ്ഞത് ആണ് ചേര്‍ത്തത്. എന്തായാലും ഈ റോസ്റ്റ് എനിക്ക് ഇഷ്ടമായി.നിങ്ങള്‍ക്കും ഇഷ്ടമാകും......

Continue Reading…

വാഴക്കൂമ്പ് - ചെറുപയര്‍ തോരന്‍

ആവശ്യമായവ

വാഴക്കൂമ്പ് -1 ചെറുപയര്‍ - അര കപ്പ്‌
തേങ്ങ - അര കപ്പ്‌
സവാള - ചെറുത് 1
വെളുത്തുള്ളി - 3 അല്ലി
പച്ചമുളക് - 3 എണ്ണം ജീരകം - ഒരു നുള്ള്
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
കറിവേപ്പില, ഉപ്പ് , കടുക്,എണ്ണ - പാകത്തിന്

തയ്യാറാക്കുന്ന വിധം

ചെറുപയര്‍ ഉടയാതെ വേവിച്ചെടുക്കണം.

വാഴക്കൂമ്പ് ചെറുതായി കൊത്തിയരിയുക. അരിഞ്ഞ വാഴക്കൂമ്പില്‍ കുറച്ച് വെളിച്ചണ്ണയും മഞ്ഞള്‍പൊടിയും ചേര്‍ത്ത് തിരുമ്മണം. ( ഇതിലെ നൂല്‍ കളയാനാണ് ഇങ്ങനെ ചെയ്യുന്നത് .) . തേങ്ങയും പച്ചമുളകും വെളുത്തുള്ളിയും ജീരകവും മിക്സിയിൽ ചതച്ചെടുക്കുക..ഈ അരപ്പും സവാള ചെറുതായി കൊത്തിയരിഞ്ഞതും മഞ്ഞള്‍പ്പൊടിയും ഉപ്പും കൂടി അരിഞ്ഞു വെച്ചിരിയ്ക്കുന്ന വാഴക്കൂമ്പിൽ ചേർത്ത് കൈ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക

ഒരു പാനിൽ എണ്ണ ചൂടാക്കി കറി വേപ്പില താളിയ്ക്കുക. ഇതിലേക്ക് വാഴക്കൂമ്പ് ചേര്‍ത്ത് നന്നായി ഇളക്കി ഒരു അടപ്പുകൊണ്ടടച്ച് ചെറുതീയില്‍ വേവിക്കണം. മുക്കാല്‍ വേവാ‍കുമ്പോള്‍ ചെറുപയര്‍ ചേര്‍ക്കണം. നന്നായി ചിക്കി തോർത്തി എടുക്കുക.രുചികരമായ തോരൻ തയ്യാർ

Continue Reading…

ചെമ്മീന്‍ മുളകിട്ടത്‌ / ചെമ്മീൻ മുളക് കറി

സാധാരണ മീന്‍ കറി വയ്ക്കുന്ന പോലെ തന്നെയാണ് ചെമ്മീന്‍ മുളക് കറി വയ്ക്കുന്നത്.വളരെ എളുപ്പം ആണ് ഇത് തയ്യാറാക്കാന്‍ .

ആവശ്യമുള്ളവ :

ചെമ്മീന്‍ വൃത്തിയാക്കിയത് - 1 കിലോ
കുടം പുളി - 3
മഞ്ഞള്പ്പൊ ടി - അര ടീസ്പൂണ്‍
കാശ്മീരി മുളകു പൊടി -2 3/4 ടേബിള്‍ സ്പൂണ്‍
ഉലുവാപൊടി – അര ടീസ്പൂണ്‍
വെളുത്തുള്ളി – 8 അല്ലി
ഇഞ്ചി - 1 വലിയ കഷണം
കുഞ്ഞുള്ളി - 3 എണ്ണം
കറിവേപ്പില - രണ്ട്‌ കതിര്‍
വെളിച്ചെണ്ണ ആവശ്യത്തിന്‌
ഉപ്പ് പാകത്തിന്
കടുക്‌

തയ്യാറാക്കുന്ന വിധം:

ചെമ്മീന്‍ വൃത്തിയായി കഴുകി മാറ്റി വെക്കുക.
വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ചു വെക്കുക.
കുടം പുളി അല്പം വെള്ളത്തില്‍ ഇട്ടു വെക്കുക .
മുളകുപൊടിയും മഞ്ഞള്പൊടിയും അല്പം വെള്ളത്തില്‍ കുഴച്ചു പേസ്റ്റ് രൂപത്തില്‍ ആക്കി വയ്ക്കുക.
ഒരു ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകും കറിവേപ്പിലയും താളിയ്ക്കണം .കുഞ്ഞുള്ളി അരിഞ്ഞതും ചേര്ക്ക ണം.ഇതില്‍ വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ചു വെച്ചിരിക്കുന്നത് ചേര്ത്തു വയട്ടുക.ഉലുവയും ചേര്ക്കു ക , മഞ്ഞള്പ്പൊചടിയും മുളകുപൊടിയും പേസ്റ്റ് ആക്കി വെച്ചിരിക്കുന്നത് ചേര്ത്ത് മൂപ്പിക്കുക, ആവശ്യത്തിന്‌ വെള്ളം ചേര്ക്കു ക , ഇനി പുളിവെള്ളം ചേര്‍ക്കാം .പുളിവെള്ളവും ഉപ്പും കൂടി ചേര്ത്ത് നന്നായി തിള വരുമ്പോള്‍ ഇതിലേക്ക് ചെമ്മീന്‍ ചേര്ത്ത് ഒരു കതിര്‍ കറിവേപ്പില മുകളില്‍ ഇട്ടു അടചു വെച്ച് 20 മിനിറ്റ് വേവിയ്ക്കുക.വെന്തതിനു ശേഷം അടപ്പ് മാറ്റി അര ടീസ്പൂണ്‍ പച്ച വെളിച്ചെണ്ണ ഒഴിച്ച് ,കറി വേപ്പിലയും ചേര്‍ത്ത് ചട്ടി ഒന്ന് ചുറ്റിചെടുക്കുക ചെമ്മീന്‍ മുളക് കറി
തയ്യാര്‍ .

വാല്ക്കഷണം :

ചാറു നല്ല കട്ടിയിലായിരിക്കണം,കുറുകിയില്ലെങ്കിൽ ചെമ്മീനിൽ എരിവു പിടിക്കില്ല.അതിനാണ് മുളകുപൊടി അല്പം വെള്ളം ചേര്ത്തുന കുഴച്ചത്.സവാളയും തക്കാളിയും തേങ്ങാക്കൊത്തും ഒന്നും ചേര്ക്കടണ്ട ഈ കറിയില്‍ ....ചട്ടിയില്‍ തന്നെ കറി വയ്ക്കണം, വേറെ ഒരു ചട്ടി കൂടി ഉണ്ടെങ്കില്‍ അത് ഉപയോഗിച്ച് അടച്ചു വയ്ക്കുക...ഇല്ലെങ്കില്‍ അടപ്പ് മതി. നാടന്‍ കറി യുടെ ടേസ്റ്റ് കിട്ടണം എങ്കില്‍ വെളിച്ചെണ്ണ തന്നെ ഉപയോഗിക്കണം..............

Continue Reading…

ഫിഷ് ഫ്രൈ

സാധാരണ മസാലക്കൂട്ടില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണ് ഇവിടെ ഉപയോഗിച്ചത്

മീന്‍ -5 കഷണം
ഇഞ്ചി , വെളുത്തുള്ളി അരച്ചത്‌ - 1 ടീസ്പൂണ്‍
മല്ലി-1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
പെരുഞ്ചീരകം-അര ടീസ്പൂണ്‍
നാരങ്ങാനീര്-2 ടീസ്പൂണ്‍
വറ്റല്‍മുളക്-3
പച്ചമുളക്-2
ഉപ്പ്
എണ്ണ
കുരുമുളക് പൊടി - ഒരു നുള്ള്
പാചകം ചെയ്യുന്ന വിധം :

കഴുകി വൃത്തിയാക്കിയ മീന്‍ കഷണങ്ങളില്‍ പച്ചമുളക്, വറ്റല്‍ മുളക്, മല്ലി, പെരുഞ്ചീരകം, ഇഞ്ചി, വെളുത്തുള്ളി എന്നിവ മയത്തില്‍ അരച്ചെടുത്തതും മഞ്ഞള്‍പ്പൊടി,കുരുമുളക് , നാരങ്ങാനീര് ,ഉപ്പ് എന്നിവയും കൂടി യോജിപിച്ചു മീന്‍ കഷണങ്ങളില്‍ രണ്ടു വശവും നന്നായി തേച്ചു പിടിപ്പിച്ചു അര മണിക്കൂര്‍ വയ്ക്കുക. മസാല നല്ലപോലെ മീനില്‍ പിടിയ്ക്കാനാണിത്. ഇനി ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. മീന്‍ എണ്ണയി ലേക്ക് ഇട്ട് ഇരുവശവും വറുത്തെടുക്കുക. സ്വാദിഷ്ടമായ ഫിഷ് ഫ്രൈ തയ്യാര്‍

Continue Reading…

മീന്‍ അച്ചാര്‍

സാധാരണയായി അച്ചാര്‍ ഇടുവാന്‍ ഉപയോഗിക്കുന്നത് മോദ, ചൂര , പാര,വറ്റ,നെയ്‌ മീന്‍, മത്തി തുടങ്ങിയവയാണ്.ഇവിടെ നെയ്‌ മീന്‍ ആണ് ഉപയോഗിച്ചത്.

ആവശ്യമായവ :

നെയ്മീന്‍ (ചെറിയ കഷണങ്ങള്‍ ആക്കിയത് )- 1 കിലോ
കാശ്മീരി മുളക് പൊടി -3 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി - 1 ടീസ്പൂണ്‍
കുരുമുളക് പൊടി - 1/2 ടേബിള്‍സ്പൂണ്‍
ഇഞ്ചി - രണ്ട്‌ കഷണം (നീളത്തില്‍ അരിഞ്ഞത്)
വെളുത്തുള്ളി - അര കപ്പ്‌
പച്ചമുളക് - 6 എണ്ണം
ഉലുവ - 1 ടീസ്പൂണ്‍
വിനാഗിരി - ആവശ്യത്തിന്
കറിവേപ്പില , കടുക്, എണ്ണ , വെള്ളം- ആവശ്യത്തിന്
ഉപ്പു - പാകത്തിന്

തയ്യാറാക്കുന്ന വിധം:
നെയ്മീന്‍ കഷണങ്ങള്‍ കഴുകി അല്പം മുളകു പൊടിയും കുരുമുളകും മഞ്ഞളും ഉപ്പും ചേര്ത്ത് പുരട്ടി അര മണിക്കൂര്‍ വെയ്ക്കുക. എന്നിട്ട് പൊടിഞ്ഞു പോകാതെ നല്ല പോലെ മൊരിഞ്ഞു വറുത്തെടുക്കണം(.ഇങ്ങനെ ചെയ്താലേ മീനിലുള്ള വെള്ളത്തിന്റെ അംശം പൊകൂ.അപ്പോള്‍ അച്ചാര്‍ കേടു കൂടാതെ കുറെ നാള്‍ സൂക്ഷിക്കാം.)വറുത്ത മീന്‍ വേറൊരു പാത്രത്തില്‍ കോരി മാറ്റി വെയ്ക്കുക.
ഇനി ഒരു പാനില്‍ മീന്‍ വറുത്ത എണ്ണ ഒഴിച്ചോ അല്ലെങ്കില്‍ മീന്‍ വറുത്ത പാത്രത്തില്‍ തന്നെയോ കടുക് പൊട്ടിച്ചു കറിവേപ്പില താളിയ്ക്കുക., അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത്ചേര്‍ത്ത് വയട്ടുക.ഇനി മുളക് പൊടിയും ഉലുവ പൊടിയും ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വയട്ടുക. ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കാം (,ചാറു വേണമെങ്കില്‍ അല്പം ചൂട് വെള്ളം ചേര്‍ക്കാവുന്നതാണ്.) ഇനി അടുപ്പില്‍ നിന്നും വാങ്ങി വെയ്ക്കുക,അല്‍പം വിനാഗിരി തിളപ്പിച്ച്‌ ആറിച്ചു ഇതില്‍ ഒഴിക്കണം. ഏറ്റവും ഒടുവില്‍ ഒരു നുള്ള് ഉലുവയും ഒരു നുള്ള് കടുകും കല്ലില്‍ ചതച്ചു ഒന്ന് ഇളക്കി ചേര്‍ക്കണം,പ്രത്യേക ഒരു മണംആയിരിക്കും.മീന്‍ വറക്കുമ്പോള്‍ ഉപ്പ് ചേര്‍ത്തിരുന്നതിനാല്‍ ഉപ്പ് വേണമെങ്കില്‍ മാത്രം നോക്കിയിട്ട് ചേര്‍ക്കുക.........
മീന്‍ അച്ചാര്‍ തയ്യാര്‍.തണുക്കുമ്പോള്‍ വെള്ള മയം ഇല്ലാത്ത കുപ്പിയില്‍ ഇട്ടു നന്നായി അടച്ചു വെയ്ക്കുക.

ടിപ്സ് :

മീൻ വറക്കുമ്പോൾ നന്നായി മൂപ്പിക്കാൻ ശ്രെദ്ധിക്കുക, എന്നാൽ കരിയുകയും അരുത്.അല്പം ചൂടാക്കിയ എണ്ണ അച്ചാറിനു മുകളില്‍ തൂകാവുന്നതാണ്..അച്ചാര്‍ കുപിയില്‍ ആക്കിയതിന് ശേഷം ഇടയ്ക്കിടെ ഒന്ന് കുലുക്കി യോജിപ്പിക്കുന്നത് നല്ലതാണ്.
അച്ചാര്‍ കൂടുതല്‍ നാള്‍ വെച്ചേക്കാന്‍ ആണെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
ഉണ്ടാക്കിയ ദിവസം തന്നെ ഉപയോഗിക്കാം ,എങ്കിലും 3 – 4 ദിവസങ്ങള്‍ കഴിഞ്ഞു ഉപഗോഗിക്കുന്നതാകും നല്ലത്, ഡ്രൈ ആയ മീന്‍ വിനാഗിരിയില്‍ കിടന്നു ഒന്ന് മൃദുവായി എരിവൊക്കെ പിടിച്ചു വന്നാലെ രുചി കിട്ടൂ.
പെട്ടെന്ന് കേടാകാനുള്ള സാധ്യത ഉള്ളതിനാല്‍ നനഞ്ഞ കുപ്പിയോ നനഞ്ഞ സ്പൂണോ ഉപയോഗിക്കരുത്.സ്പൂണ്‍ കുപ്പിയിൽ തന്നെ ഇട്ടു വയ്ക്കാതിരിക്കുക അല്ലെങ്കില്‍ അച്ചാർ വേഗം പൂപ്പൽ പിടിച്ചു കേടായി പോകും.
അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് എരിവു കൂട്ടാവുന്നതാണ്....സാധാരണ മീന്‍ അച്ചാറിനു അല്പം എരിവു വേണം .

Continue Reading…

ബീഫ് കട്ട്‌ലറ്റ് .......

സ്വാദിഷ്ടമായ കട്ട്‌ ലറ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കു.അതിനു കുറെ കാര്യങ്ങള്‍ അറിയണം .ബീഫ് കൂടുതലും , ഉരുളക്കിഴങ്ങും സവാളയും കുറഞ്ഞും പോയാല്‍ രുചി കിട്ടില്ല.ആവശ്യത്തിനു ഉരുളക്കിഴങ്ങ് ചേര്ക്കണം.ഉരുളക്കിഴങ്ങ് ഒരളവില്‍ കൂടി പോയാല്‍ ഉരുട്ടുവാന്‍ പ്രയാസമാണ് താനും.ഉപ്പ് പാകത്തിന് ആയിരിക്കണം.

സവാള ,ഇഞ്ചി, പച്ചമുളക് എന്നിവ ചോപ്പെര്‍ ഉപയോഗിച്ച് അരിയുന്നതാകും കട്ട്‌ ലറ്റിന് നല്ലത്. കട്ട്‌ ലറ്റിന്റെ അകം നന്നായി വേവണം, തീയ് കൂട്ടി ഇടരുത് . രുചിയില്‍ ആണ് കാര്യം എങ്കിലും കട്ട്‌ ലറ്റിന്റെ ആകൃതി ,നിറം ഇവ കൂടി നന്നായി വരണം.ഇന്ന് ആകൃതി ശെരിയാക്കാന്‍ ലവ് ,ഓവല്‍ , സ്റ്റാര്‍ തുടങ്ങിയ ആകൃതിയിലുള്ള ഫ്രെയിം വാങ്ങാന്‍ കിട്ടും.അല്ലെങ്കില്‍ ടേബിള്‍ സ്പൂണിനേക്കാള്‍ അല്പം കൂടി വലിയ സ്പൂണ്‍ ഉപയോഗിച്ചാല്‍ ഓവല്‍ ആകൃതി കിട്ടും.,വട്ടത്തിലും ഉണ്ടാക്കാം.അല്പം ക്ഷമയോടെ ചെയ്‌താല്‍ നല്ല ഒരു ആകൃതി കിട്ടും, കഴിവതും ബ്രെഡ്‌ പൊടി രണ്ടു കയ്യിലും ആക്കാതെ വൃത്തിയായി ചെയ്യുക, പൊടിയൊന്നും എണ്ണയില്‍ വീഴാതെ നോക്കണം.അല്ലെങ്കില്‍ കട്ട്‌ ലറ്റില്‍ പറ്റി പിടിച്ചു അവിടെയും ഇവിടെയും കരിഞ്ഞ പോലെ കാണും.... കട്ട്‌ ലറ്റ് മുട്ടയില്‍ മുക്കി എണ്ണയില്‍ ഇടുമ്പോള്‍ പൊടിയാതെ നോക്കണം.കട്ട്‌ ലറ്റ് മുങ്ങി കിടക്കാനുള്ള എണ്ണ വേണം.എണ്ണ നന്നായി ചൂടായതിനു ശേഷം മാത്രമേ കട്ട്‌ ലറ്റ് ഇടാവു.രണ്ടും വശവും നന്നായി മൊരിഞ്ഞു ഗോള്‍ഡന്‍ ബ്രൌണ്‍ ആകണം.അതാണ്‌ ശെരിയായ നിറം.....കട്ട്‌ ലറ്റ് മിക്സ് ബാക്കി വന്നാല്‍ ഫ്രിഡ്ജില്‍ ഒരു ആഴ്ച വരെ സൂക്ഷിക്കാം . പച്ചമുളകിന്റെയും കുരുമുളകിന്റെയും അളവ് എരിവു അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം ....

ആവശ്യമായവ :

ബീഫ് – 1 കിലോ
ഉരുളക്കിഴങ്ങ് – 3
പച്ചമുളക് - 5 – 6
ഇഞ്ചി – ഒരു ഇടത്തരം കഷണം
മുട്ട - 1 – 2
ബ്രെഡ്‌ പൊടി / റെസ്ക് പൊടി – ആവശ്ജ്യതിനു
സവാള - 3 - 4
ഗരം മസാല -1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്പൊ്ടി - 1/4 ടീസ്പൂണ്‍
കറി വേപ്പില - 1 കതിര്‍
ഉപ്പ് പാകത്തിന്
എണ്ണ ആവശ്യത്തിന് ,വെളിച്ചെണ്ണ ആണ് നല്ലത്.

തയ്യാറാക്കുന്ന വിധം ;

ബീഫ് നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങള്‍ ആക്കി പ്രഷര്‍ കുക്കെറില്‍ ഇട്ടു ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിയ്ക്കുക.അല്പം ഉപ്പ് ചേര്ക്കാന്‍ മറക്കണ്ട.ഇനി ചൂട് ആറിയതിനു ശേഷം വെന്ത ബീഫ് ഒരു മിക്സറില് ചെറുതായി അരച്ച് എടുക്കുക.
ഇനി ഉരുളക്കിഴങ്ങ് തൊലിയോട് കൂടി തന്നെ കഴുകി അല്പം വെള്ളം ചേര്ത്തു പ്രഷര്‍ കുക്ക് ചെയ്യുക.
ഇഞ്ചി ,സവാള ,പച്ചമുളക്,കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക.ഇനി ഒരു ചീനച്ചട്ടി ചൂടാക്കി ഇവ വഴറ്റുക.,ഇതിലേക്ക് കുരുമുളക് പൊടി ,ഗരം മസാല,മഞ്ഞള്പൊടി,ഉപ്പ് എന്നിവ ചേര്ത് വീണ്ടും വഴറ്റുക.ഇതിലേക്ക് ബീഫ് ഇട്ടു 3- 4 മിനിറ്റ് വഴറ്റുക,ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു കൈ കൊണ്ട് ഉടച്ചു ഇതിലേക്ക് ചേര്ക്കുക.അഞ്ചു മിനിറ്റ് നന്നായി ഇളക്കുക.ഇനി തീയ് അണയ്ക്കുക.ചൂട് മാറിയതിനു ശേഷം കൈ കൊണ്ട് ഒന്ന് കൂടി നന്നായി യോജിപ്പിക്കുക.
ഇനി നിങ്ങള്ക്ക് ഇഷ്ടമുള്ള ആകൃതിയില്‍ പരത്തുക.നമ്മുടെ വീട്ടില്‍ ഉള്ള അനുയോജ്യമായ ആകൃതി കിട്ടുന്ന എന്ത് വേണേലും ഉപയോഗിക്കാം.
ഇനി ഒരു പാത്രത്തില്‍ മുട്ടയുടെ വെള്ള എടുത്തു വയ്ക്കുക, മറ്റൊരു പാത്രത്തില്‍ ബ്രെഡ്‌ പൊടിയും....
ഒരു പാനില്‍ എണ്ണ ഒഴിച്ച് നന്നായി ചൂട് ആകുമ്പോള്‍ ബീഫ് മിക്സ് ഉരുട്ടിയത് മുട്ട വെള്ളയില്‍ മുക്കി ബ്രെഡ്‌ പൊടിയില്‍ മുക്കി എണ്ണയില്‍ ഇട്ടു രണ്ടു വശവും മൊരിച്ച് എടുക്കുക.
സ്വാദിഷ്ടമായ, ബീഫ് കട്ട്‌ ലറ്റ് തയ്യാര്‍..

Continue Reading…

ബീറ്റ്റൂട്ട് പച്ചടി

പല വിധ പച്ചക്കറികള്‍ കൊണ്ട് നമുക്ക് പച്ചടി ഉണ്ടാക്കാം,ഇവിടെ ബീറ്റ് റൂട്ട് ഉപയോഗിച്ച് പച്ചടി വെയ്ക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍:

ബീറ്റ്റൂട്ട് - ഇടത്തരം ഒന്ന്
തൈര് - ഒന്നര കപ്പ്‌
പച്ചമുളക് - 3
ജീരകം - ഒരു നുള്ള്
കുഞ്ഞുള്ളി - 5 അല്ലി
വെളുത്തുള്ളി - 2 അല്ലി
ഇഞ്ചി - ഒരു ചെറിയ കഷണം
തേങ്ങാ തിരുമ്മിയത്‌ - 1/4 കപ്പ്‌
വറ്റല്‍ മുളക് - 2
കടുക് - 1/4 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
കറി വേപ്പില - ഒരു കതിര്‍

തയ്യാറാക്കുന്ന വിധം :

ആദ്യം ബീറ്റ് റൂട്ട് തൊലി ചെത്തി നന്നായി കഴുകി ഗ്രേറ്റ് ചെയ്തെടുക്കുക. കുറച്ചു വെള്ളം ഒഴിച്ച് ബീറ്റ് റൂട്ട് വേവിയ്കുക.

പച്ചമുളക് ,ഇഞ്ചി,കുഞ്ഞുള്ളി ,വെളുത്തുള്ളി എന്നിവ തീരെ ചെറുതായി അരിയുക.

തേങ്ങയും ജീരകവും ഒരു കുഞ്ഞുള്ളിയും കൂടി മിക്സറില്‍ നല്ല നേര്‍മയായി അരച്ചെടുക്കുക.

ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും കറി വേപ്പിലയും വറ്റല്‍ മുളകും താളിച്ചു ഇഞ്ചിയും കുഞ്ഞുള്ളിയും പച്ചമുളകും വെളുത്തുള്ളിയും അരിഞ്ഞതു ഇട്ടു നന്നായി വഴറ്റുക, വഴന്നു കഴിയുമ്പോള്‍ വേവിച്ചു വെച്ചിരിയ്ക്കുന്ന ബീറ്റ്റൂട്ട് കൂടി ചേര്‍ത്തു നന്നായി വഴറ്റുക.ഈ സമയം ആവശ്യത്തിനു ഉപ്പ് ചേര്‍ക്കാം.
ഇതിലേക്ക് തേങ്ങാ അരപ്പ് ചേര്‍ത്തു ഇളക്കുക.ഒന്ന് ചൂടായതിനു ശേഷം തീ അണയ്ക്കുക.
ആവശ്യത്തിനു തൈരും നന്നായി ഇളക്കി ചേര്‍ക്കുക.

ബീറ്റ് റൂട്ട് പച്ചടി തയ്യാര്‍.

വാല്‍ക്കഷണം :
പച്ചടിയ്ക്കു വെളുത്തുള്ളി ,ഇഞ്ചി,ജീരകം എന്നിവ ചേര്‍ക്കും.പക്ഷെ വെളുത്തുള്ളി രണ്ടു അല്ലിയില്‍ കൂടരുത്.ജീരകവും ഒരു നുള്ള് മതി, ഇവ കൂടിപോയാല്‍ രുചി മാറും

Continue Reading…

Popular Posts

Text Widget

Search This Blog

Powered by Blogger.

Blogger Pages

Copyright © Adukkalakaaryam | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates