Friday, July 10, 2015

അടുക്കളയില്‍ നമ്മള്‍ അറിഞ്ഞിരിയ്ക്കേണ്ട ചില പൊടിക്കൈകള്‍ :

*ചെറു നാരങ്ങ സൂക്ഷിക്കാന്‍ ഉണങ്ങിയ ഉപ്പ്‌ പൊടി വിതറിയ പാത്രത്തിലിട്ട് വെക്കുക.
* നാരങ്ങാ തൊലികൊണ്ടു തുടച്ചാല്‍ കത്തികളിലും വിരലുകളിലും നിന്ന് ഉള്ളിയുടെ മണം മാറിക്കിട്ടും.
*കാബേജിന്റെ ഗന്ധം മാറ്റാന്‍ കാബേജ് പാകം ചെയ്യുമ്പോള്‍ ദുര്‍ഗന്ധം ഇല്ലാതിരിക്കാന്‍ ഒരു ചെറിയ കഷ്ണം റൊട്ടി പൊടിച്ചു ചേര്‍ക്കുക. കുറച്ചു ചെറുനാരങ്ങ നീര് ചേര്‍ത്ത് കാബേജ് പാകം ചെയ്താലും ദുര്‍ഗന്ധം മാറ്റാന്‍ സാധിക്കും.
*ബിരിയാണി ഉണ്ടാക്കുമ്പോള്‍ ചോറ് കട്ട പിടിക്കാതിരിക്കാന്‍ ചോറില്‍ അല്‍പ്പം നാരങ്ങ നീര് ചേര്‍ക്കുക.
*പച്ചമുളക് ഫ്രഷായി ഇരിക്കുവാന്‍ അതിന്റെ ഞെട്ടു കളഞ്ഞ് പോളിത്തീന്‍ കവറിലിട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
*ഉറയൊഴിക്കാന്‍ തൈരില്ലെങ്കില്‍ വിഷമിക്കേണ്ട. ഒരു ടീസ്പൂണ്‍ ഉപ്പ് ചൂടുപാലില്‍ ഇട്ട് ഒരു രാത്രി വച്ചാല്‍ മതി.
*ജൂസില്‍ പഞ്ചസാരയ്ക്ക് പകരം പഞ്ചസാര പാനി ചേര്‍ക്കുക. പഞ്ചസാര തരിയായി ഗ്ലാസിന്റെ അടിയില്‍ കിടക്കില്ല.
*ജാം കുപ്പി തുറക്കാന്‍ അല്പം ബുദ്ധിമുട്ടാണ്, അല്ലേ? കുപ്പി തല കീഴായി പിടിച്ച് ഇളം ചൂടു വെള്ളത്തില്‍ അല്പം നേരം മുക്കി പിടിക്കുക. ഇനി തുറന്നു നോക്കുക.
*ഫ്രിഡ്ജില്‍ പുതിനയില സൂക്ഷിച്ചാല്‍ ദുര്‍ഗന്ധം മാറി കിട്ടും.
*നല്ല സോഫ്റ്റായ ഇഡ്ഡലി ഉണ്ടാക്കാന്‍ ഉഴുന്നു പരിപ്പിനോടോപ്പം അല്പം ഉലുവ കൂടി ചേര്‍ത്ത് അരയ്ക്കുക.
*പൂരി കൂടുതല്‍ സമയം പുതുമ നഷ്ടപ്പെടാതിരിക്കാന്‍ മാവ് കഞ്ഞിവെള്ളം ഒഴിച്ച് കുഴയ്ക്കുക.
* പപ്പടം ചീത്തയാവാതിരിക്കാന്‍ പോളിത്തീന്‍ ഷീറ്റില്‍ പൊതിഞ്ഞു അരിയുടെയോ പയറു വര്‍ഗ്ഗങ്ങളുടെയോ കൂടെ സൂക്ഷിക്കുക.
*പിരിയാന്‍ സാധ്യതയുള്ള തേങ്ങാ അരച്ച കറികള്‍ , തൈര് പാചകങ്ങള്‍ ഇവ തണുത്തത് അടുപ്പിലെ തിളച്ച വെള്ളത്തില്‍ ഇറക്കി വെച്ച് തുടര്‍ച്ചയായി ഇളക്കി ചൂടാക്കിയാല്‍ പിരിഞ്ഞു പോവില്ല .
*ചേന ചൊറിയാതിരിക്കാന്‍ പുളിവെള്ളത്തില്‍ കഴുകി കറിവെച്ചാല്‍ ചേന ചൊറിയുകയില്ല.
*കാരറ്റും പയറും കറി വെക്കുമ്പോള്‍ നാരങ്ങ തൊണ്ടു മുറിച്ചു കറിയില്‍ ഇട്ടാല്‍ സ്വാദ് കൂടും
*മത്തങ്ങയും കാരറ്റും കറി വെക്കുമ്പോള്‍ ഒരു നുള്ള് പഞ്ചസാര കൂടെ ചേര്‍ക്കുക, കറിയുടെ സ്വാദ് ഇരട്ടിക്കും
*പാവയ്ക്കയുടെ കയ്പ്പ്കളയാന്‍ മൂന്നു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ഒരു ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് പാവയ്ക്കയില്‍ പുരട്ടി ഏതാനും മണിക്കൂര്‍ മാറ്റി വെക്കുക, പിന്നീട് രണ്ട് മൂന്നു പ്രാവശ്യം കഴുകുക. വിനാഗിരിയ്ക്കു പകരം നാരങ്ങാ നീരും ഉപയോഗിക്കാം.
*അധികമുള്ള ഇഞ്ചിക്കഷണങ്ങള്‍ കേടുവരാതിരിക്കാന്‍ മണ്ണിനടിയില്‍ കുഴിച്ചിടുക. മാസങ്ങളോളം പുതുമ നഷ്ടപ്പെടാതിരിക്കും.
*കറി വെയ്ക്കുമ്പോള്‍ മഞ്ഞളിന്റെ അളവു കൂടിപ്പോയാല്‍ വൃത്തിയുള്ള ഒരു വെള്ളത്തുണിയില്‍ ചോറ് കിഴികെട്ടി കറിയിലിടുക. അധികമുള്ള മഞ്ഞള്‍ ഈ കിഴി വലിച്ചെടുത്തോളും.
*ഒരു പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് അതില്‍ കറിവേപ്പില ഞെട്ടുകളയാതെ വെച്ചാല്‍ ദിവസങ്ങളോളം വാടാതിരിക്കും.
*കോഴിയിറച്ചിയില്‍ ഒരു പകുതി ചെറുനാരങ്ങാ നീര് പുരട്ടി കുറച്ചു സമയം വെച്ച ശേഷം റോസ്റ്റ് ചെയ്‌താല്‍ ഇറച്ചിക്ക് നല്ല നിറം കിട്ടും.
ഇറച്ചി വേവിക്കുമ്പോള്‍ ഉപ്പ്‌ ചേര്‍ത്ത് വേവിക്കാതെ വെന്ത ശേഷം ഉപ്പ്‌ ചേര്‍ത്താല്‍ കൂടുതല്‍ മൃദുവായിരിക്കും .
*കോഴിയിറച്ചി കഷണങ്ങളില്‍ അല്‍പ്പം നാരങ്ങാ നീര് പുരട്ടിയിട്ട്‌ പാകം ചെയ്‌താല്‍ കോഴിക്ക് നല്ല മയം ഉണ്ടായിരിക്കും.
*ഇറച്ചി മാര്‍ദവം ഇല്ലെന്നു തോന്നിയാല്‍ പാകം ചെയ്യുന്നതിന് മുന്‍പ് അല്‍പ സമയം പപ്പായയുടെ ഇലയില്‍ പൊതിഞ്ഞു വെക്കുക. പിന്നീട് പാകം ചെയ്‌താല്‍ ഇറച്ചിക്ക് നല്ല മാര്‍ദവം ഉണ്ടാകും.
*സ്റ്റൂവും മപ്പാസും ഉണ്ടാക്കുമ്പോള്‍ ഉലുവയിട്ട്‌ കടുക് വറുത്താല്‍ കറിക്ക് നല്ല സ്വാദ് ഉണ്ടായിരിക്കും .
*വെള്ളത്തിന്‌ പകരം തേങ്ങാ വെള്ളത്തില്‍ രസം തയ്യാറാക്കിയാല്‍ രുചിയേറും
*ഉരുളകിഴങ്ങിന്റെ പുറംതൊലിയില്‍ വെണ്ണ പുരട്ടി ബെയ്ക്ക്‌ ചെയ്‌താല്‍ തൊലി വിണ്ടു കീറി പൊട്ടാതിരിക്കും ഇങ്ങനെ ചെയ്ത ഉരുളകിഴങ്ങ് വെച്ചുണ്ടാക്കുന്ന കറികള്‍ക്ക് കൂടുതല്‍ രുചിയുണ്ടാകും.
*കുടംപുളി കേടാകാതിരിക്കാന്‍ വെളിച്ചെണ്ണയും ഉപ്പും ചേര്‍ത്ത് തിരുമ്മി സൂക്ഷിക്കുക.
*മിക്‌സിയുടെ ബൗളിനുള്ളിലെ ദുര്‍ഗന്ധം മാറാന്‍ പുതിനയിലയോ നാരങ്ങാ തൊലിയോ ഇട്ട് അടിക്കുക.
*ജാറിനുള്ളില്‍ അല്‍പം എണ്ണ പുരട്ടിയ ശേഷം മസാലയും മറ്റും അടിച്ചാല്‍ ബൗളിനുള്ളില്‍ മസാല പറ്റിപ്പിടിച്ചിരിക്കില്ല.
*മസാല പുരട്ടിയ മീനിന്‍റെ മീതെ മുട്ട പതച്ചത് വളരെ നേര്‍മ്മയായി പുരട്ടി വറുക്കുക. ഒട്ടും പൊടിഞ്ഞു പോകയില്ല.
*ചൂടായ എണ്ണയില്‍ ഒരു നുള്ള് മൈദാ ഇട്ടതിനു ശേഷം മീന്‍ വറുത്താല്‍ പൊടിഞ്ഞു പോകയില്ല.
*ആവിയില്‍ വെന്തവ ശരീരത്തിനു നല്ലതാണു ... പുട്ട്, ഇഡ്ഡലി,ഇടിയപ്പം തുടങ്ങിയവ.
*ഇടിയപ്പത്തിനുള്ള മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍ മാര്‍ദ്ദവമേറും.
*ഇഡ്ഡലിക്ക് നല്ല മയവും രുചിയും കിട്ടാന്‍ അരി അരക്കുമ്പോള്‍ ഒരു പിടി അവല്‍ കൂടി ചേര്‍ത്താല്‍ മതി.
*ഇഡ്ഡലി ഉണ്ടാക്കുന്ന മാവില്‍ കുറച്ചു എണ്ണ(ഒലീവ്) ഒഴിച്ചു നന്നായി ഇളക്കിയ ശേഷം ഇഡ്ഡലി ഉണ്ടാക്കുകയാണെങ്കില്‍ നല്ല രുചിയുള്ള, സോഫ്റ്റ് ആയ ഇഡ്ഡലി ഉണ്ടാക്കാന്‍ പറ്റും..
*അച്ചപ്പം ഉണ്ടാക്കുമ്പോള്‍ തലേന്ന് അച്ചു ഉപ്പുവെള്ളത്തില്‍ മുക്കി വയ്ക്കുക .അച്ചപ്പം അച്ചില്‍ ഒട്ടിപിടിക്കില്ല.
*പച്ചമുളക് കേടാകാതിരിക്കാന്‍ അവയുടെ ഞെടുപ്പു നീക്കി കടലാസില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജില്‍ വെക്കുക.
* മട്ടന്റെ ഉളുമ്പ് മണം മാറാന്‍ രണ്ടു കുടംപുളി ഇട്ടു വെള്ളത്തില്‍ കഴുകിയാല്‍ മതിയാകും.
* പരിപ്പ് വേവിക്കുമ്പോള്‍ തിളച്ചു മറിയാതിരിക്കാന്‍ തിള വരുമ്പോള്‍ ഒരു തുള്ളി എണ്ണ ചേര്‍ക്കുക.
*ഗരം മസാല, ജീരകം ഇവയുടെ മണവും സ്വാദും നഷ്ടപ്പെടാതിരിക്കാന്‍ പ്രകാശം തട്ടാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുക

0 comments:

Post a Comment

Popular Posts

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Copyright © Adukkalakaaryam | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates