കല്യാണ സദ്യയിലെ അവിയൽ ഉണ്ടാക്കാം; വളരെ എളുപ്പത്തിൽ*
*കല്യാണ സദ്യയിലെ അവിയൽ ഉണ്ടാക്കാം; വളരെ എളുപ്പത്തിൽ*
*കേരളത്തിൽ പലയിടത്തും പല രീതിയിലാണ് അവിയൽ ഉണ്ടാക്കുന്നത്. ഓരോ നാടിന്റെ രുചിയനുസരിച്ച് അതിൽ ചേർക്കുന്ന പച്ചക്കറികൾക്കും മാറ്റമുണ്ടാകാറുണ്ട്. ചിലയിടങ്ങളിൽ തൈര് ഒഴിച്ചാണ് ഉണ്ടാക്കുന്നതെങ്കിൽ മറ്റുചിലർ പുളി പിഴിഞ്ഞൊഴിച്ചും മാങ്ങാചേർത്തും ഇനി പുളിയില്ലാതെയും നാവിന്റെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുംവിധം അവിയൽ തയാറാക്കാറുണ്ട്. ഓണസദ്യയിലും കല്യാണസദ്യകളിലുമെല്ലാം ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവം കൂടിയാണ് അവിയൽ. വീടുകളിൽ ഉണ്ടാക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമാണ് സദ്യകളിലെ അവിയലിന്റെ രുചി. എങ്കിൽ ഒരു സദ്യ സ്റ്റൈൽ അവിയൽ വീട്ടിൽ തയാറാക്കാം.*
*സദ്യ സ്റ്റൈൽ അവിയലിനുള്ള ചേരുവകൾ*
*നീളത്തിൽ അരിഞ്ഞെടുത്ത ക്യാരറ്റ്, പയർ, വെള്ളരിക്ക, മുരിങ്ങക്കായ, ഉരുളക്കിഴങ്ങ്, കായ, ചേന, കറിവേപ്പില, ചെറിയ ഉള്ളി, ജീരകം, വെളുത്തുള്ളി, വെളിച്ചെണ്ണ, തേങ്ങ, പച്ചമുളക്, പച്ചമാങ്ങ, തൈര്, മഞ്ഞൾപൊടി, ഉപ്പ് എന്നിവ വേണം. ആദ്യം തന്നെ എല്ലാ കഷ്ണങ്ങളും നീളത്തിൽ അരിഞ്ഞ് കഴുകി വൃത്തിയാക്കി മാറ്റിവയ്ക്കണം. അവിയലിലേക്ക് ആവശ്യമായ ഉപ്പും, കുറച്ചു മഞ്ഞൾപൊടിയും, വെളിച്ചെണ്ണയും ചേർത്ത് കഷ്ണങ്ങൾ ഒന്ന് മിക്സ് ചെയ്യുക. അതിനുശേഷം ഒരു ഉരുളി അടുപ്പത്ത് വച്ച് അതിലേക്ക് എല്ലാ കഷ്ണങ്ങളും ഇട്ടുകൊടുക്കുക. കഷ്ണങ്ങളെല്ലാം നന്നായി വെന്തു തുടങ്ങുമ്പോൾ അതിലേക്ക് അരപ്പ് ചേർത്തു കൊടുക്കണം.*
*അരപ്പ് തയാറാക്കാനായി*👇
*ഒരു മിക്സിയുടെ ജാറിലേക്ക് ചെറിയ ഉള്ളിയും, വെളുത്തുള്ളിയും, കറിവേപ്പിലയും, പച്ചമുളകും ഇട്ട് അരച്ചെടുക്കുക. ശേഷം ചിരണ്ടിവച്ചിരിക്കുന്ന തേങ്ങ കൂടി ഇട്ട് ഒതുക്കിയെടുക്കണം. ഈ കൂട്ട് അവിയലിലേക്ക് ചേർത്ത് കുറച്ചുനേരം അടച്ച് വച്ചു കൊടുക്കുക. അരപ്പിൽ നിന്ന് വെള്ളമെല്ലാം ഇറങ്ങി തുടങ്ങുമ്പോൾ തൈരു കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാം. കുറച്ച് നേരം കൂടി അവിയൽ അടച്ച് വച്ച് വേവിച്ചെടുക്കുക. അവസാനം അവിയലിന്റെ മുകളിലേക്ക് കുറച്ച് പച്ചവെളിച്ചെണ്ണ കൂടി ഒഴിച്ചുകൊടുത്താൽ സദ്യ സ്റ്റൈൽ അവിയൽ റെഡി. അധികം പുളി ഇഷ്ടമില്ലാത്തവർക്ക് വേണമെങ്കിൽ മാങ്ങ ഒഴിവാക്കാവുന്നതാണ്. ഇത് ഒരൽപ്പം കുഴഞ്ഞിരിക്കുന്ന സ്റ്റൈൽ അവിയൽ ആണ്. മലബാർ മേഖലയിലൊക്കെ അവിയലിന് കുഴയുന്ന കഷ്ണങ്ങൾ ഒന്നും തന്നെ ചേർക്കില്ല, തയാറാക്കുന്നതെല്ലാം ഒരുപോലെ തന്നെയാണ്…!!!*
0 comments:
Post a Comment