എല്ലാവർക്കും വിഭവ സമ്യദ്ധമായ ഓണാശംസകൾ നേർന്നു കൊണ്ട് സമർപ്പിയ്ക്കുന്നു ഓണസദ്യ റെസിപ്പി
1. ചോറ് // Rice
2. സാമ്പാർ // Sambhar
3. കാളൻ // Kaalan
4. കട്ടി പരിപ്പ് നെയ്യും // Katti Parippu Neyy
5. പപ്പടം // Pappadam
6. വറത്തുപ്പേരി // Varathupperi
7. ശർക്കര വരട്ടി // Sharkhara Varatti
8. ചേന വറുവൽ // Chena Varuval
9. പാവയ്ക്കാ കൊണ്ടാട്ടം // Paavakka Kondattam
10. ചേമ്പ് വറുവൽ // Chembu Varuval
11. തൈര് മുളക് // Thairu Mulaku
12. മാങ്ങാ അച്ചാർ // Mango Pickle
13. നാരങ്ങ അച്ചാർ // Lime Pickle
14. പുളിഇഞ്ചി // Puli Inchi
15. വെള്ളരിക്ക പച്ചടി // Vellarikka Pachadi
16. പൈനാപ്പിൾ പച്ചടി // Pineapple Pachadi
17. ബീറ്റ്റൂട്ട് പച്ചടി // Beetroot Pachadi
18. അവിയൽ // Aviyal
19. എരിശ്ശേരി // Erissery
20. ഓലൻ // Olan
21. കാബേജ് തോരൻ // Cabbage Thoran
22. അച്ചിങ്ങാ പയർ മെഴുക്കുപുരട്ടി // Achinga Payar Mezhukkupuratty
23. കൂട്ടുകറി // Koottucurry
24. പാവയ്ക്കാ തീയ്യൽ // Paavakka Theeyal
25. രസം // Rasam
26. മോര് // Moru
27. സേമിയ പ്രഥമൻ // Semiya Pradhaman
28. പാൽ പായസം // Paal Payasam
29. പഴം // Pazham
30. ഉപ്പ് // Salt
31. വെള്ളം // Water
1. Rice / ചോറ്
ഇവിടെ ഞാൻ വടി മട്ട അരി ആണ് എടുത്തത്. കുക്കറിൽ ആണ് ചോറ് വെച്ചത്. 1 കപ്പ് അരിക്ക് 4 കപ്പ് വെള്ളം എന്ന തോതിൽ ആണ് എടുക്കാറ്.. ആദ്യത്തെ വിസിൽ വന്ന് ഒരു 5 - 8 മിനിറ്റ് സിമ്മിൽ ഇടും. ശേഷം ഓഫ് ആക്കും. പ്രഷർ മൊത്തം പോയി കഴിഞ്ഞു തുറന്ന് വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിച്ച് വാർത്തെടുക്കും. ഓരോ അരിക്കും ഓരോ വേവായിരിക്കും..അത് കൊണ്ട് സിമ്മിൽ ഇടുന്ന സമയത്തിന് മാറ്റം വരാം.
2. Varutharacha Sambhar // വറുത്തരച്ച സാമ്പാർ...
തുവര പരിപ്പ് : ഒരു കപ്പ്
കായം : ഒരു കഷ്ണം
വെളിച്ചെണ്ണ : 2 ടേബിൾസ്പൂൺ
പച്ചക്കറി
വെണ്ടക്ക : 5 എണ്ണം
വഴുതനങ്ങ: 1
പച്ചക്കായ : ഒന്നിന്റെ പകുതി
പടവലങ്ങ : ചെറിയ കഷ്ണം
കാരറ്റ് : ഒന്നിന്റെ പകുതി
ചെറിയ ഉള്ളി: 10 എണ്ണം
കുമ്പളങ്ങ : ഒരു ചെറിയ കഷ്ണം
ഉരുളക്കിഴങ്ങ് : 1
തക്കാളി : 2
പുളിവെള്ളം : ഒരു നാരങ്ങാ വലുപ്പത്തിൽ എടുത്ത് കഴുകി വെള്ളത്തിൽ ഇട്ട് വെക്കുക
മഞ്ഞൾ : ഒരു ടീസ്പൂൺ
വറുത്തരക്കാൻ
തേങ്ങ : അര കപ്പ്
മല്ലി : 3 ടേബിൾസ്പൂൺ
ഉണക്കമുളക് : 10 - 12 എണ്ണം
കുരുമുളക് : കുറച്ച്
ജീരകം : കാൽ ടീസ്പൂൺ
കായം : ഒരു ചെറിയ കഷ്ണം
ഉലുവ: കാൽ ടീസ്പൂൺ
കടുക് വറുക്കാൻ
വെളിച്ചെണ്ണ : 3 ടേബിൾസ്പൂൺ
കടുക് : അര ടീസ്പൂൺ
ഉലുവാ : കാൽ ടീസ്പൂൺ
ഉണക്കമുളക് : മൂന്നെണ്ണം
കറിവേപ്പില : ഒരു തണ്ട്
കായം പൊടി: കാൽ ടീസ്പൂൺ
ഉലുവ പൊടി : കാൽ ടീസ്പൂൺ
പരിപ്പ് കഴുകി പാകത്തിന് വെള്ളം ഒഴിച്ച് കുറച്ച് മഞ്ഞൾ പൊടി, കായം, വെളിച്ചെണ്ണ അല്പം ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക
വരുത്തരക്കാൻ എന്നിവയിൽ പറഞ്ഞിരിക്കുന്നവ ചെറിയ തീയിൽ നന്നായി ബ്രൗൻ കളർ ആവും വരെ വറുത്തു ചെറിയ ചൂടിൽ പൊടിച്ചെടുക്കുക. വെള്ളം ചേർക്കുന്നുണ്ടെങ്കിൽ വളരെ കുറച്ചു മാത്രം ചേർക്കാൻ ശ്രദ്ധിക്കുക.
പച്ചക്കറികൾ കഴുകി മുറിച്ച് പാകത്തിന് വെള്ളവും , മഞ്ഞൾ പൊടിയും, ഉപ്പും ചേർത്ത് വേവിക്കുക
മുക്കാൽ വേവാകുമ്പോൾ പുളി വെള്ളവും, പരിപ്പും ചേർക്കുക.
നന്നായി തിളച്ചു വരുമ്പോൾ അരപ്പ് ചേർത്ത് ചെറിയ തീയിൽ ഇട്ട് മൂടി വെച്ചു വേവിക്കുക. കഷ്ണങ്ങൾ വെന്തു ചാറ് കുറുകി വരുമ്പോൾ കുറച്ചു മല്ലി ഇല ചേർത്ത് തീ ഓഫ് ആക്കുക.
വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ പൊട്ടിച്ചു വറ്റൽ മുളക് , കറിവേപ്പില, ഉലുവ പൊടി, കായം പൊടി എന്നിവ ചേർത്ത് മൂപ്പിച്ച് സാമ്പാറിലേക്ക് ചേർത്തിളക്കുക.
3. Kaalan // കാളൻ
കുമ്പളങ്ങ : 250 ഗ്രാം
പച്ചമുളക് : 4 എണ്ണം
ജീരകം : അര ടീ സ്പൂണ്
ഇഞ്ചി : ഒരു ചെറിയ കഷ്ണം
തേങ്ങ : 1 കപ്പ്
മഞ്ഞള്‍പൊടി : അര ടീ സ്പൂണ്
മുളക് പൊടി : കാൽ ടീ സ്പൂണ്
തൈര് : 1.5 കപ്പ്
വെളിച്ചെണ്ണ : 3 ടേബിൾ സ്പൂണ്
ഉലുവ : കാൽ ടീ സ്പൂണ്
കടുക് : കാൽ ടീ സ്പൂണ്
വറ്റൽ മുളക് : 3 എണ്ണം
കറിവേപ്പില : 2 തണ്ട്
ഉപ്പ്
വെള്ളം
ചെറുതായി അരിഞ്ഞെടുത്ത കുമ്പളങ്ങയിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ് പാകത്തിന് വെള്ളം എന്നിവ ചേർത്ത് വേവിക്കുക
തേങ്ങയിലേക്ക് ഇഞ്ചി, പച്ചമുളക്, ജീരകം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക
വെന്ത കഷ്ണത്തിലേക്ക് അരപ്പ് ചേർത്തു തിളപ്പിക്കുക
തൈര് നന്നായി ഉടച്ചെടുത്തു ചേർക്കുക
നന്നായി ചൂടായൽ തീ ഓഫ് ചെയ്ത് വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ പൊട്ടിക്കുക. ഇതിലേക്ക് വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക. കുരുമുളക് പൊടിയും കൂടെ ചേർത്ത് തീ ഓഫ് ആക്കി കറിയിലേക്ക് ചേർക്കുക
കുമ്പളങ്ങയ്ക്ക് പകരം ചേന, കായ, വെള്ളരി,മാങ്ങ, പൈൻആപ്പിൾ, ആപ്പിൾ, ഏതയ്ക്ക അങ്ങനെ ഇഷ്ടമുള്ള കഷ്ണം ചേർക്കാം
4. Katti Paripp / കട്ടി പരിപ്പ്
തുവര പരിപ്പ് : 1 കപ്പ്
പച്ചമുളക് : 2
തേങ്ങപാൽ : 1 കപ്പ്
ഉപ്പ്
നെയ്യ്
തുവര പരിപ്പ് പച്ചമുളക് ചേർത്ത് നന്നായി വേവിച്ചെടുക്കുക.. ചെറുതായി ഉടച്ചെടുത്തു ഉപ്പും തേങ്ങാപാലും ചേർത്ത് നന്നായി ചൂടാകുമ്പോൾ തീ ഓഫ് ആക്കുക
കട്ടി പരിപ്പ് വിളംമ്പുമ്പോൾ നെയ്യ് കൂടെ വിളംബുക
5. Pappadam /പപ്പടം
ഉഴുന്ന് : 1 കപ്പ്
ബേക്കിംഗ് സോഡാ : 1/2 ടീ സ്പൂണ് (പപ്പട കാരം കിട്ടുമെങ്കിൽ അതാണ് നല്ലത്)
ഉപ്പ് : 1/2 ടീ സ്പൂണ്
വെള്ളം : 1/2 കപ്പ്
നല്ലെണ്ണ : 1 ടേബിൾ സ്പൂണ്
ഉഴുന്ന് കഴുകി ഉണക്കി പൊടിച്ചു അരിച്ചെടുക്കുക
ഇതിലേക്ക് ബേക്കിംഗ് സോഡയും ഉപ്പും ചേർത്തിളക്കി വെള്ളം ചേർത്ത് കുഴക്കുക. വെള്ളം അര കപ്പ് മുഴുവൻ വേണ്ട..
ശേഷം നന്നായി ഇടിച്ചു മായപ്പെടുത്തുക. ആദ്യം മാവ് നല്ല ഡ്രൈ ആയിരിക്കും.ഒരു 10 - 15 മിനിറ്റ് ഇടിച്ചെടുക്കുമ്പോൾ നല്ല സോഫ്റ്റ് ആയി വരും. ഉരൽ ഉണ്ടെങ്കിൽ അതിൽ ഇട്ട് ഇടിക്കാം.
നീളത്തിൽ റോൾ ചെയ്തു ചെറിയ കഷ്ണം ആയി മുറിച്ചെടുത്തു അല്പം മൈദ തൂവി പരത്തി എടുക്കുക
ഒരു 5 മിനിറ്റ് നന്നായി വെയിൽ കൊള്ളിച്ചു ഉണക്കി എടുക്കുക
6. Varathupperi // Kaaya Varuthath // Nurukkupperi // വറത്തുപ്പേരി //കായ വറുത്തത് // നുറുക്കുപ്പേരി
പച്ചക്കായ : 4 എണ്ണം
മഞ്ഞൾ പൊടി : 1 ടീ സ്പൂണ്
ഉപ്പ്
വെള്ളം
വെളിച്ചെണ്ണ
പച്ചക്കായ തൊലികളഞ്ഞു നീളത്തിൽ നാലായി മുറിച്ച് ചെറുതായി അരിഞ്ഞെടുക്കുക. മഞ്ഞൾപൊടി കുറച്ചു വെള്ളത്തിൽ ചേർത്ത് അരിഞ്ഞു വെച്ച കായ ഇട്ട് അര മണിക്കൂർ വെക്കുക. ശേഷം ഊറ്റിയെടുക്കുക. ഒരു തുണിയിൽ നിരത്തി വെള്ളം മൊത്തം കളയുക ശേഷം വെളിച്ചെണ്ണ ചൂടാക്കി വറുത്തെടുക്കുക.
ആവശ്യത്തിന് ഉപ്പ് കാൽ കപ്പ് വെള്ളത്തിൽ കലക്കി എടുക്കക
കായ വറുത്തത് വെന്തു കഴിയുമ്പോൾ 1 - 2 ടീ സ്പൂണ് ഉപ്പ് വെള്ളം തളിച്ചു കൊടുക്കുക. നന്നായി ഇളക്കി മൊരിയുന്നതുവരെ വെക്കുക. ശേഷം കോരി എടുക്കാം.
എണ്ണ നന്നായി ചൂടായി കഴിഞ്ഞ് തീ ഒന്ന് കുറച്ചു വെച്ച് വേണം വറുത്തെടുക്കാൻ.
(അരക്കിലോ പച്ചക്കായ ആണ് എടുത്തത്..തൊലി കളഞ്ഞ് മുറിച്ചെടുത്തു വറുത്തു കഴിഞ്ഞപ്പോൾ 140ഗ്രാം വറത്തുപ്പേരി ആണ് കിട്ടിയത്)
7. Sharkhara Varatti // Sharkhara Varatti
പച്ചക്കായ : അരക്കിലോ
ശർക്കര : 100 ഗ്രാം
ചുക്ക് പൊടി : 1/2 ടീ സ്പൂണ്
ജീരകം പൊടിച്ചത് : 1/2 ടീ സ്പൂഎം
ഏലക്കായ പൊടി : 1/2 ടീ സ്പൂണ്
പഞ്ചസാര : 2 tsp
അരിപ്പൊടി : 2 ടീ സ്പൂണ്
മഞ്ഞൾ പൊടി : 1 ടീ സ്പൂണ്
വെളിച്ചെണ്ണ
ഉപ്പ്
വെള്ളം
പച്ചക്കായ തൊലി കളഞ്ഞശേഷം നീളത്തിൽ രണ്ടായി മുറിച്ച് കാൽ ഇഞ്ച് വലിപ്പത്തിൽ മുറിച്ചെടുക്കുക
മഞ്ഞൾപൊടി കുറച്ചു വെള്ളത്തിൽ ചേർത്ത് അരിഞ്ഞു വെച്ച കായ ഇട്ട് അര മണിക്കൂർ വെക്കുക. ശേഷം ഊറ്റിയെടുക്കുക. ഒരു തുണിയിൽ നിരത്തി വെള്ളം മൊത്തം കളയുക
വെളിച്ചെണ്ണ ചൂടാക്കി അരിഞ്ഞെടുത്ത കായ ചേർത്ത് ചെറിയതീയിൽ വറുത്തെടുക്കുക. കായ വറുത്തത് വെന്തു കഴിയുമ്പോൾ 1 - 2 ടീ സ്പൂണ് ഉപ്പ് വെള്ളം തളിച്ചു കൊടുക്കുക. നന്നായി ഇളക്കി മൊരിയുന്നതുവരെ വറുത്തെടുക്കുക . ശേഷം കോരി എടുക്കാം.
കായ ഒരുപാട് ചൂടുള്ള എണ്ണയിൽ വറുക്കരുത്.. ഉള്ളിൽ വേവില്ല..
കായ വറുത്തത് നന്നായി ചൂട് മാറാൻ വെക്കുക.
ശർക്കര കാൽകപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക
ശേഷം നന്നായി തിളപ്പിച്ച് ഒരുനൂൽ പരുവം ആക്കുക. ഇതിലേക്ക് വറുത്തുവച്ച കായ ചേർക്കുക
നന്നായി ഇളക്കി യോജിപ്പിക്കുക
ചുക്ക് പൊടി, ജീരകം പൊടി, ഏലയ്ക്ക പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക
അരിപ്പൊടിയും പഞ്ചസാരയും കൂടെ ചേർത്ത് നന്നായി ഇളക്കി തീ ഓഫ് ആക്കുക. കുറച്ചു നേരം കൂടി ഒന്ന് ഡ്രൈ ആവും വരെ ഇളക്കി കൊടുക്കുക
നന്നായി ചൂട് ആറിക്കഴിഞ്ഞു കുപ്പിയിൽ ആക്കാം..
(അരക്കിലോ പച്ചക്കായ ആണ് എടുത്തത്..തൊലി കളഞ്ഞ് മുറിച്ചെടുത്തു വറുത്തു കഴിഞ്ഞപ്പോൾ 290 ഗ്രാം ശർക്കര വരട്ടി ആണ് കിട്ടിയത്)
8. Chena Varuval / ചേന വറുവൽ
ചേന ഖനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക. ഇതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്ത് ചൂടായ എണ്ണയിൽ വറുത്തു കോരുക
9. Paavakka Kondattam //പാവയ്ക്കാ കൊണ്ടാട്ടം
പാവയ്ക്കാ കഴുകി കുരു കളയാതെ
ഖനം കുറച്ചു വട്ടത്തിലരിഞ്ഞു ഉപ്പ് ചേർത്ത് തിരുമ്മി കുറച്ചു സമയം വെക്കുക. ശേഷം ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കുക.
ഡ്രൈ കൊണ്ടാട്ടം ഇല്ലെങ്കിൽ ഇത് പോലെ ഉണ്ടാക്കിയാൽ മതി..ഡ്രൈ കൊണ്ടാട്ടം വറുത്തെടുക്കുന്നതിനെക്കാൾ ഇത്തിരി സമയം കൂടുതൽ എടുക്കും എന്നേ ഉള്ളൂ
10. Chembu Varuval // ചേമ്പ് വറുവൽ
ചേമ്പ് തൊലി കളഞ്ഞു കഴുകി ഖനം കുറഞ്ഞു അരിഞ്ഞെടുക്കുക. വലിയ ചേമ്പ് ആണെങ്കിൽ നീളത്തിൽ നാലായി മുറിച്ച് ചെറുതായി അരിഞ്ഞെടുക്കുക
ശേഷം ചൂടായ എണ്ണയിൽ ഇട്ട് വറുക്കുക. വെന്തു കഴിയുമ്പോൾ 1 - 2 ടീ സ്പൂണ് ഉപ്പ് വെള്ളം തളിച്ചു കൊടുക്കുക. നന്നായി ഇളക്കി മൊരിയുന്നതുവരെ വെക്കുക. ശേഷം കോരി എടുക്കാം.
11. Thairu Mulak // തൈര് മുളക് // Kondatta Mulak // കൊണ്ടാട്ട മുളക്
മുളക് : 15 എണ്ണം
തൈര് : 1 കപ്പ്
ഉപ്പ് : 2 ടീ സ്പൂണ്
മുളക് നന്നായി കഴുകി തുടച്ചെടുക്കുക.
തൈരിൽ ഉപ്പിട്ട് ഇളക്കി മുളക് ഇട്ട് വെക്കുക
അടുത്ത ദിവസം രാവിലെ മുളക് എടുത്ത് വെയിലത്ത് വെച്ച് ഉണക്കുക
വൈകീട്ട് മുളക് തൈരിൽ ഇട്ട് വെക്കുക
അടുത്ത ദിവസം വീണ്ടും വെയിലത്ത് വെക്കുക
തൈര് മൊത്തം തീരും വരെ ഇങ്ങനെ ചെയ്ത മുളക് നന്നായി ഉണക്കി വൃത്തിയായി കഴുകി ഉണക്കിയ വായു കടക്കാത്ത ഒരു കുപ്പുയിൽ ഇട്ട് ആവശ്യാനുസരണം ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കാം
12. Mango Pickle // മാങ്ങ അച്ചാർ
പച്ച മാങ്ങ : 1 കിലോ
നല്ലെണ്ണ : അര കപ്പ്
കടുക് : ഒന്നര ടീ സ്പൂണ്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 2 ടേബിൾ സ്പൂണ് വീതം
പച്ചമുളക് : 5 എണ്ണം
കറിവേപ്പില : 1 തണ്ട്
മുളക് പൊടി :4 ടേബിൾ സ്പൂണ്
മഞ്ഞൾ പൊടി : അര ടീ സ്പൂണ്
കായം പൊടി : മുക്കാൽ ടീ സ്പൂണ്
ഉലുവ പൊടി : അര ടീ സ്പൂണ്
വിനാഗിരി : 2 - 3 ടീ സ്പൂണ്
ഉപ്പ്
പച്ച മാങ്ങ നന്നായി കഴുകി തുടച്ച് അരിഞ്ഞെടുക്കുക. ഒരുപാട് ചെറുതായി അരിയേണ്ട. കുറച്ചു വലിയ കഷ്ണം ആവണം. ഇതിലേക്ക് കുറച്ച് ഉപ്പ് ചേർത്തിളക്കി ഒരു മണിക്കൂർ മാറ്റി വെക്കുക. നല്ലെണ്ണ ചൂടാക്കി അര ടീ സ്പൂണ് കടുക് പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി ചതച്ചതും, പച്ചമുളക് ചതച്ചതും, കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിക്കുക. തീ നന്നായി കുറച്ച് മുളക് പൊടി, മഞ്ഞൾ പൊടി, കായം പൊടി, ഉലുവ പൊടി എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക.
1 ടീ സ്പൂണ് കടുക് ഡ്രൈ റോസ്റ്റ് ചെയ്ത് നന്നായി ചതച്ചെടുക്കുക. ശേഷം വിനാഗിരി (മാങ്ങയുടെ പുളി അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക) ചേർത്തിളക്കി തീ ഓഫ് ആക്കി അരിഞ്ഞു വെച്ച മാങ്ങ ചേർത്തിളക്കുക.ഉപ്പ് നോക്കി
വേണമെങ്കിൽ കുറച്ചു ചേർക്കുക
മാങ്ങ അച്ചാർ റെഡി..
13. Uppilitta Naranga Achar //ഉപ്പിലിട്ട നാരങ്ങ അച്ചാർ
ചെറുനാരങ്ങ : 10 എണ്ണം
നല്ലെണ്ണ : 1/4 കപ്പ്
വെളുത്തുള്ളി : 10 അല്ലി
ഇഞ്ചി : 1 ചെറിയ കഷ്ണം
പച്ചമുളക് : 10 എണ്ണം (*കാന്താരി മുളക് ഉണ്ടെങ്കിൽ അത് ചേർക്കാം..)
മഞ്ഞൾ പൊടി : 1/4 ടീ സ്പൂണ് (*നിർബന്ധം ഇല്ല..)
കായം പൊടി : 1/2 ടീ സ്പൂണ്
ഉലുവ പൊടി : 1/4 ടീ സ്പൂണ്
പഞ്ചസാര : 1/2 ടീ സ്പൂണ്
കറിവേപ്പില : 1 തണ്ട്
കടുക് : 1/4 ടീ സ്പൂണ്
ഉലുവ : 1/4 ടീ സ്പൂണ്
വിനാഗിരി: കുറച്ച്
കല്ലുപ്പ്
ചെറുനാരങ്ങ നന്നായി കഴുകി തുടച്ചു വെക്കുക.
ശേഷം മുറിച്ചെടുക്കുക
കഴുകി തുടച്ച് ഉണക്കി എടുത്ത ഒരു കുപ്പിയിൽ ആദ്യം കുറച്ചു നാരങ്ങ കഷ്ണം ഇടുക. മുകളിൽ കുറച്ചു കല്ലുപ്പ് വിതറുക. വീണ്ടും നാരങ്ങ, പിന്നെ കല്ലുപ്പ് ഇടുക. അങ്ങനെ മുഴുവൻ നാരങ്ങാ കഷ്ണങ്ങൾ ഇടുക. ഏറ്റവും മുകളിൽ ഉപ്പ് ആവണം..ഇനി കുപ്പി നന്നായി അടച്ചു ഒരു 5 ദിവസം വെക്കുക.. ഒരു 3 ദിവസം കഴിയുമ്പോൾ കുപ്പിയോടെ ഒന്ന് ഇളക്കി കൊടുക്കാം. സ്പൂണ് ഇട്ട് ഇളക്കേണ്ട..കുപ്പി ഒന്ന് നന്നായി കുലുക്കി കൊടുത്താൽ മതി.
അടിക്കട്ടിയുള്ള ചീനച്ചട്ടി ചൂടാക്കി നല്ലെണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിക്കുക.
ശേഷം ചതച്ച ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ചേർത്ത് നന്നായി മൂപ്പിക്കുക.
തീ നന്നായി കുറച്ച് മഞ്ഞൾ പൊടി, കായം പൊടി, ഉലുവ പൊടി എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക.
ഉപ്പിലിട്ട നാരങ്ങാ ചേർത്തിളക്കുക. നാരങ്ങയിൽ ഉള്ള ഉപ്പ് വെള്ളം മുഴുവൻ ചേർക്കേണ്ട.. ആദ്യം കുറച്ച് ചേർത്ത് പിന്നെ ഉപ്പ് നോക്കി വേണമെങ്കിൽ കുറച്ചു കൂടി ചേർക്കുക.വിനാഗിരി പഞ്ചസാര ചേർത്തിളക്കുക.
ചൂട് തണഞ്ഞു ഡ്രൈ ആയ ഒരു കുപ്പിയിലേക്ക് മാറ്റാം..
14. Puli Inchi // പുളി ഇഞ്ചി
ഇഞ്ചി : അര കപ്പ് ചെറുതായി അരിഞ്ഞത്
പച്ചമുളക് : കാൽ കപ്പ് ചെറുതായി അരിഞ്ഞത്
വാളൻ പുളി : ഒരു നാരങ്ങ വലുപ്പത്തിൽ
ശർക്കര : 1 കഷ്ണം
മഞ്ഞൾ പൊടി : കാൽ ടീ സ്പൂണ്
മുളക് പൊടി : കാൽ ടീ സ്പൂണ്
വെളിച്ചെണ്ണ : 4 ടേബിൾ സ്പൂണ്
കടുക് അര: ടീ സ്പൂണ്
വറ്റൽ മുളക് : 3 എണ്ണം
കറിവേപ്പില : 2 തണ്ട്
ഉപ്പ്
വറുത്തു പൊടിക്കാൻ
ജീരകം: കാൽ ടീ സ്പൂണ്
ഉലുവ കാൽ: ടീ സ്പൂണ്
പുളിയിൽ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി പിഴിഞ്ഞെടുക്കുക.
ശർക്കര കുറച്ചു വെള്ളം ചേർത്ത് ഉരുക്കി എടുത്ത് അരിച്ചു വെക്കുക
വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം വറ്റൽ മുളക് ചേർക്കുക. ഇനി ഇഞ്ചി ചേർത്ത് നന്നായി മൂപ്പിക്കുക. ഇഞ്ചി ചെറുതായി കളർ മാറി തുടങ്ങുമ്പോൾ പച്ചമുളക് ചേർക്കുക. ശേഷം ലൈറ്റ് ബ്രൗണ് കളർ ആവും വരെ മൂപ്പിക്കുക.
കറിവേപ്പില മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ് എന്നിവ ചേർക്കുക.
പുളി വെള്ളം ചേർത്ത് നന്നായി തിളക്കുമ്പോൾ ചെറിയ തീയിൽ ഇട്ട് കുറുക്കി എടുക്കുക
ശേഷം ഉരുക്കിയ ശർക്കര ചേർത്ത് യോജിപ്പിക്കുക. പാകത്തിന് കുറുകി വരുമ്പോൾ വറുത്തു പൊടിച്ച ജീരകം ഉലുവ എന്നിവ ചേർത്തിളക്കി തീ ഓഫ് ആക്കുക.
https://chat.whatsapp.com/Cqo0VPnRPzx8duh7LNkOqc
15. Vellarikka Pachadi // വെള്ളരിക്ക പച്ചടി
വെള്ളരി ചെറുതായി അരിഞ്ഞത് : 2 കപ്പ്
തേങ്ങ: 1 കപ്പ്
പച്ചമുളക് : 3 എണ്ണം
കടുക് : അര ടീ സ്പൂണ്
കട്ടി തൈര് :1 കപ്പ്
ഉപ്പ്
വെള്ളം
താളിച്ചു ചേർക്കാൻ
വെളിച്ചെണ്ണ : 3 ടേബിൾ സ്പൂണ്
കടുക് : അര ടീ സ്പൂണ്
വറ്റൽ മുളക് : 2 എണ്ണം
കറിവേപ്പില : 2 തണ്ട്
വെള്ളരി പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക
തേങ്ങയും, പച്ച മുളകും കടുകും കൂടെ നന്നായി ചതച്ചെടുക്കുക
വെള്ളരി പാകത്തിന് വെന്തു കഴിഞ്ഞു അരപ്പ് ചേർക്കുക. ചെറിയ തീയിൽ ഇട്ട് ഒരു 5 മിനിറ്റ് നന്നായി ഇളക്കി വേവിക്കിക്കുക
തൈര് നന്നായി ഉടച്ചു ചേർത്ത് നന്നായി ഒന്ന് ചൂടായി വരുമ്പോൾ തീ ഓഫ് ആക്കുക
വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് വറവിടുക
16. Pineapple Pachadi // പൈൻആപ്പിൾ പച്ചടി
പൈൻആപ്പിൾ ചെറുതായി അരിഞ്ഞത് : 2 കപ്പ്
തേങ്ങ: 1 കപ്പ്
പച്ചമുളക് : 3 എണ്ണം
കടുക് : അര ടീ സ്പൂണ്
കട്ടി തൈര് :1 കപ്പ്
പഞ്ചസാര : 1 ടീ സ്പൂണ് (പൈൻ ആപ്പിളിന്റെ മധുരം നോക്കി ചേർക്കുക)
ഉപ്പ്
വെള്ളം
താളിച്ചു ചേർക്കാൻ
വെളിച്ചെണ്ണ : 3 ടേബിൾ സ്പൂണ്
കടുക് : അര ടീ സ്പൂണ്
വറ്റൽ മുളക് : 2 എണ്ണം
കറിവേപ്പില : 2 തണ്ട്
പൈൻ ആപ്പിൾ പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക
തേങ്ങയും, പച്ച മുളകും കടുകും കൂടെ നന്നായി ചതച്ചെടുക്കുക
പൈൻ ആപ്പിൾ പാകത്തിന് വെന്തു കഴിഞ്ഞു അരപ്പ് ചേർക്കുക. ചെറിയ തീയിൽ ഇട്ട് ഒരു 5 മിനിറ്റ് നന്നായി ഇളക്കി വേവിക്കിക്കുക
തൈര് നന്നായി ഉടച്ചു ചേർത്ത് നന്നായി ഒന്ന് ചൂടായി വരുമ്പോൾ പഞ്ചസാര ചേർത്തിളക്കി തീ ഓഫ് ആക്കുക
വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് വറവിടുക
17. Beetroot Pachadi // ബീറ്റ്റൂട്ട് പച്ചടി
ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് : 2 കപ്പ്
തേങ്ങ: 1 കപ്പ്
പച്ചമുളക് : 3 എണ്ണം
കടുക് : അര ടീ സ്പൂണ്
കട്ടി തൈര് :1 കപ്പ്
ഉപ്പ്
വെള്ളം
താളിച്ചു ചേർക്കാൻ
വെളിച്ചെണ്ണ : 2 + 2 ടേബിൾ സ്പൂണ്
കടുക് : അര ടീ സ്പൂണ്
വറ്റൽ മുളക് : 2 എണ്ണം
കറിവേപ്പില : 2 തണ്ട്
2 ടേബിൾ സ്പൂണ് വെളിച്ചെണ്ണ ചേർത്തു ബീറ്റ്റൂട്ട് ഒന്ന് വഴറ്റുക
പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക
തേങ്ങയും, പച്ച മുളകും കടുകും കൂടെ നന്നായി ചതച്ചെടുക്കുക
ബീറ്റ്റൂട്ട് പാകത്തിന് വെന്തു കഴിഞ്ഞു അരപ്പ് ചേർക്കുക. ചെറിയ തീയിൽ ഇട്ട് ഒരു 5 മിനിറ്റ് നന്നായി ഇളക്കി വേവിക്കിക്കുക
തൈര് നന്നായി ഉടച്ചു ചേർത്ത് നന്നായി ഒന്ന് ചൂടായി വരുമ്പോൾ തീ ഓഫ് ആക്കുക
വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് വറവിടുക
18. Aviyal // അവിയൽ
അച്ചിങ്ങ പയർ : 5 എണ്ണം
പടവലം :ഒരു ചെറിയ കഷ്ണം
കുമ്പളങ്ങ :ഒരു ചെറിയ കഷ്ണം
ചേന :ഒരു ചെറിയ കഷ്ണം
കായ: ഒരു ചെറിയ കഷ്ണം
കാരറ്റ് :1
മുരിങ്ങക്ക :2
പാവയ്ക്ക :ഒരു ചെറിയ കഷ്ണം
പച്ചമുളക് : 3 എണ്ണം
കറിവേപ്പില :2 തണ്ട്
തേങ്ങ: 1 cup
ജീരകം :1/2 tsp
മഞ്ഞപ്പൊടി : 1/2 tsp
മുളക്പൊടി :കുറച്ച്
തൈര് :5 ടേബിൾ സ്പൂണ്
വെളിച്ചെണ്ണ :2 ടേബിൾ സ്പൂണ്
ഉപ്പ്
തേങ്ങയും പച്ചമുളകും ജീരകവും ഒന്ന് അരച്ചെടുക്കുക. ഒരുപാട് അരഞ്ഞു പോകരുത്.
എല്ലാ പച്ചക്കറികളും നീളത്തിൽ കനം കുറച്ച് അരിഞ്ഞത് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് വഴറ്റിയ ശേഷം മഞ്ഞൾ പൊടിയും മുളക് പൊടിയും പാകത്തിന് ഉപ്പും ചേർത്ത് അടച്ചു വെച്ചു വേവിക്കുക. വെള്ളം ഒഴിക്കേണ്ട.
പച്ചക്കറികൾ മുക്കാൽ ഭാഗം വേവാകുമ്പോൾ തേങ്ങ ചേർത്ത് സാവാദനം കഷ്ണങ്ങൾ ഉടഞ്ഞു പോകാതെ ഇളക്കി അടച്ചു വെച്ച് വേവിക്കുക. ശേഷം തൈര് ചേർത്ത് ഒന്ന് കൂടെ നന്നായി ചൂടായൽ കറിവേപ്പിലയും വെളിച്ചെണ്ണയും മുകളിൽ ഒഴിച്ച് തീ ഓഫ് ചെയ്യാം
19. മത്തൻ വൻപയർ എരിശ്ശേരി / Mathan Vanpayar Erissery
മത്തങ്ങ : 500 gm
വൻപയർ : മുക്കാല്‍ കപ്പ്
മഞ്ഞള്‍ പൊടി :1/2 ടി സ്പൂൺ
മുളക്പൊടി : 1/2 ടി സ്പൂൺ
ഒതുക്കി എടുക്കാൻ (ഒരുപാട് അരയ്ക്കരുത് )
തേങ്ങ ചിരവിയത് : അരമുറി
ജീരകം:1/2 ടി സ്പൂൺ
കടുക് താളിക്കാന്‍
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
കടുക് : 1/2 ടി സ്പൂൺ
തേങ്ങ ചിരവിയത് : 1/4 കപ്പ്
വറ്റല്‍ മുളക് : 2 എണ്ണം
കറിവേപ്പില
വൻപയർ നന്നായി വേവിക്കുക..ശേഷം കഷ്ണങ്ങളാക്കിയ മത്തൻ , മുളക് പൊടി, മഞ്ഞൾ പൊടി, പാകത്തിനു ഉപ്പും ചേര്‍ത്ത് വേവിക്കുക..മത്തൻ നന്നായി വെന്തു കഴിയുമ്പോള്‍ അരപ്പ് ചേര്‍ക്കുക.നന്നായി ഇളക്കി യോജിപ്പിച്ചു ഒരു 5 മിനിറ്റ് ശേഷം തീ ഓഫ് ചെയ്യുക
കടുകും, വറ്റൽ മുളകും , കറി വേപ്പിലയും താളിച്ചു ഇതിലേക്ക് ചിരവിയ തേങ്ങ ചേർത്ത് ഇളം ബ്രൗൺ കളർ ആവും വരെ വറുത്തു കറിയിലേക്കു ചേര്‍ത്ത് ഇളക്കിയെടുക്കുക.
20. Olan // ഓലൻ
കുമ്പളങ്ങ ചെറിയ കഷ്ണം ആയി മുറിച്ചത് : 2 കപ്പ്
വൻപയർ കുതിർത്തു വേവിച്ചെടുത്തത് : അരക്കപ്പ്
തേങ്ങയുടെ ഒന്നാം പാൽ : 1 കപ്പ്
തേങ്ങയുടെ രണ്ടാം പാൽ : 2 കപ്പ്
പച്ചമുളക് : 2
കറിവേപ്പില : 1 തണ്ട്
വെളിച്ചെണ്ണ: 1 ടേബിൾ സ്പൂണ്
ഉപ്പ്
തേങ്ങയുടെ രണ്ടാം പാലിൽ കുമ്പളങ്ങയും പച്ചമുളകും ചേർത്തു വേവിക്കുക
ഇതിലേക്ക് വേവിച്ചു വെച്ച വൻപയർ ചേർത്ത് ഇളക്കി പാകത്തിന് ഉപ്പ് ചേർക്കുക. തീ ഒന്നു കൂട്ടി വെച്ച വെള്ളം ഉണ്ടെങ്കിൽ പറ്റിച്ചെടുക്കുക. ഇതിലേക്ക് തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് തിള വരുമ്പോൾ ഓഫ് ആക്കുക
വെളിച്ചെണ്ണയും കറിവേപ്പിലയും ചേർക്കുക
21. Cabbage Thoran / കാബേജ് തോരൻ
കാബേജ് : ഒരു വലിയ കഷ്ണം
സവാള : 1 വലുത്
പച്ചമുളക് : 3 എണ്ണം
തേങ്ങ: 1 കപ്പ്
കറിവേപ്പില: 2 തണ്ട്
മഞ്ഞൾ പൊടി : അര ടീ സ്പൂണ്
വെളിച്ചെണ്ണ: 3 ടേബിൾ സ്പൂണ്
കടുക്: 1 ടീ സ്പൂണ്
ഉഴുന്ന് പരിപ്പ് : അര ടീ സ്പൂണ്
ഉപ്പ്
കാബേജ് നേരിയതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് സവാള അരിഞ്ഞത്, പച്ചമുളക് , തേങ്ങ, കറിവേപ്പില, മഞ്ഞൾ പൊടി,ഉപ്പ് എന്നിവ ചേർത്ത് കുഴക്കുക
വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഉഴുന്ന് പരിപ്പ് കൂടെ ചേർത്ത് ചെറുതായി ചുവന്നു വരുമ്പോൾ കുഴച്ചു വെച്ച കാബേജ് ചേർത്തിളക്കി മൂടി വെച്ച് ചെറിയ തീയിൽ കുക്ക് ചെയ്യുക
22. Achinga Payar Mezhukkupuratti // അച്ചിങ്ങാ പയർ മെഴുക്കുപുരട്ടി
അച്ചിങ്ങാ പയർ : 250 ഗ്രാം
സവാള : 1
പച്ചമുളക് : 4 എണ്ണം
വെളുത്തുള്ളി : 6 അല്ലി
മഞ്ഞൾ പൊടി : അര ടീ സ്പൂണ്
മുളക് പൊടി : അര ടീ സ്പൂണ്
കറിവേപ്പില : 1 തണ്ട്
വെളിച്ചെണ്ണ : 4 ടേബിൾ സ്പൂണ്
ഉപ്പ്
വെളിച്ചെണ്ണ ചൂടാക്കി പച്ചമുളക് വെളുത്തുള്ളി ചതച്ചത് ചേർത്ത് ഒന്ന് വഴറ്റുക. സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. പയർ അരിഞ്ഞതും, മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ് , കറിവേപ്പില എന്നിവ ചേർത്ത് ചെറിയ തീയിൽ ഇട്ട് വഴറ്റി എടുക്കുക. വെള്ളം ചേർക്കരുത്. ചെറിയ തീയിൽ ഇട്ട് മൂടി വെച്ച് വേവിച്ചെടുക്കണം. ഇടക്ക് തുറന്ന് ഇളക്കി കൊടുക്കണം.
23. കൂട്ടുകറി / Koottucurry
ചേന : ഒരു ചെറിയ കഷ്ണം
പച്ച ഏത്തക്ക : 1
കുമ്പളങ്ങ : ഒരു ചെറിയ കഷ്ണം
കടല പരിപ്പ് : 1/2 കപ്പ്
മുളകുപൊടി : 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി : 1/2 ടീസ്പൂണ്‍
ഉപ്പ് : പാകത്തിന്
ശർക്കര പൊടിച്ചത് : കുറച്ചു
ഒതുക്കി എടുക്കാൻ
തേങ്ങ ചിരവിയത് : 1 കപ്പ്
ജീരകം : 1/2 ടി സ്പൂൺ
പച്ചമുളക്: 2
കടുക് താളിക്കാൻ
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
കടുക് : 1 ടീസ്പൂണ്‍
കറിവേപ്പില
കുരുമുളക് പൊടി : 1/4 ടി സ്പൂൺ
തേങ്ങ ചിരവിയത് : 1/4 കപ്പ്
കടല പരിപ്പ് രാത്രി തന്നെ കുതിർത്തു വെക്കണം
കടല പരിപ്പ് നന്നായി വേവിച്ചതിനു ശേഷം ചേനയും എത്തക്കയും, കുമ്പളവും , മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. തേങ്ങ, ജീരകം , പച്ചമുളക് എന്നിവ ഒതുക്കി എടുക്കുക. ഇത് കൂട്ടുകറിയിലേക്കു ചേർത്ത് നന്നായി യോജിപ്പിച്ചു ഒന്ന് തിളച്ചു വരുമ്പോൾ ശർക്കര പൊടിച്ചത് ചേർത്ത് തീ ഓഫ് ചെയ്യുക
കടുകും, വറ്റൽ മുളകും , കറി വേപ്പിലയും താളിച്ചു ഇതിലേക്ക് ചിരവിയ തേങ്ങ ചേർത്ത് ഇളം ബ്രൗൺ കളർ ആവും വരെ വറുക്കുക. തീ ഓഫ് ചെയ്തു കുരുമുളക് പൊടിയും ചേർത്ത് കറിയിലേക്കു ഒഴിച്ച് ഇളക്കിയെടുക്കുക
കടല പരിപ്പിന് പകരം കടല എടുക്കാം
24. Paavakka Theeyal // പാവയ്ക്ക തീയ്യൽ
പാവയ്ക്ക : 1 വലുത്
വാളൻ പുളി : ചെറിയ നെല്ലിക്ക വലുപ്പത്തിൽ
നാളികേരം ചിരവിയത് : അര കപ്പ്
ഉണക്ക മുളക് : 5 എണ്ണം
കൊത്തമല്ലി : 1 ടേബിൾ സ്പൂണ്
ജീരകം : കാൽ ടീ സ്പൂണ്
കുരുമുളക് : കാൽ ടീ സ്പൂണ്
കായം: ഒരു ചെറിയ കഷ്ണം
ഉലുവ: കാൽ ടീ സ്പൂണ്
മഞ്ഞൾ പൊടി: കാൽ ടീ സ്പൂണ്
വെളിച്ചെണ്ണ: 4 ടേബിൾ സ്പൂണ്
ശർക്കര പൊടിച്ചത് : 2 ടീ സ്പൂണ് (ഓപ്ഷണൽ ആണ്..ചെറിയ ഒരു മധുരം ഇഷ്ട്ടമുള്ളവർക്ക് ചേർക്കാം)
കറിവേപ്പില
ഉപ്പ്
കടുക് വറവിടാൻ
വെളിച്ചെണ്ണ: 2 ടീ സ്പൂണ്
കടുക് : അര ടീ സ്പൂണ്
ഉണക്ക മുളക്: 2 എണ്ണം
പാവയ്ക്ക അരിഞ്ഞെടുത്തു കുറച്ച് ഉപ്പ് പുരട്ടി വെക്കുക
പുളി കുറച്ചു വെള്ളത്തിൽ കുതിരാൻ വെക്കുക
ഒരു പാനിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ഉണക്ക മുളക്,കൊത്തമല്ലി,ജീരകം,കുരുമുളക്,കായം,ഉലുവ എന്നിവ ചേർത്ത് ഒരു 3 മിനിറ്റ് വറുക്കുക
ഇതിലേക്ക് ചിരകി വെച്ച നാളികേരം ചേർത്ത് ചെറിയ തീയിൽ ബ്രൗൺ നിറം ആവും വരെ വറുക്കുക
തണുത്തതിനു ശേഷം നന്നായി അരച്ചെടുക്കുക
മറ്റൊരു പാനിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞു വെച്ചിരിക്കുന്ന പാവയ്ക്ക ചേർത്ത് 5 - 6 മിനിറ്റ് നന്നായി വഴറ്റുക
പുളി നന്നായി പിഴിഞ്ഞെടുത്ത വഴറ്റി വെച്ചിരിക്കുന്ന പാവക്കയിൽ ചേർത്ത് തിളപ്പിക്കുക.
പാവയ്ക്ക വെന്തു വരുമ്പോൾ അരച്ച് വെച്ചിരിക്കുന്ന നാളികേരവും മഞ്ഞൾ പൊടിയും ഉപ്പും കറിവേപ്പിലയും ചേർത്ത് ചെറിയ തീയിൽ 5 മിനിറ്റ് തിളപ്പിക്കുക. ശർക്കര പൊടിച്ചതും കൂടെ ചേർത്തിളക്കി തീ ഓഫ് ആക്കുക
ശേഷം കടുകും മുളകും ചേർത്ത് വറവിടുക
25. Rasam // രസം
വെളുത്തുള്ളി : 10 അല്ലി
ചെറിയ ഉള്ളി : 5 അല്ലി
തക്കാളി : 2 എണ്ണം
പുളി : ഒരു നാരങ്ങ വലുപ്പത്തിൽ
ജീരകം : 1 ടീ സ്പൂണ്
കുരുമുളക് : 2 ടീ സ്പൂണ്
മഞ്ഞൾ പൊടി : അര ടീ സ്പൂണ്
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂണ്
കടുക് : അര ടീ സ്പൂണ്
മല്ലി ഇല
കറിവേപ്പില
ഉപ്പ്
വെള്ളം
പുളി കഴുകി 2 കപ്പ് വെള്ളത്തിൽ കുതിർത്തു വെക്കുക
വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് വെളുത്തുള്ളി, ചെറിയ ഉള്ളി ചതച്ചു ചേർക്കുക. മഞ്ഞൾ പൊടി ചേർക്കുക. നന്നായി ഒന്ന് വഴറ്റി തക്കാളി അരിഞ്ഞത് ചേർക്കുക. തക്കാളി നന്നായി വെന്തു കഴിഞ്ഞു പുളി നന്നായി പിഴിഞ്ഞെടുത്തു ചേർക്കുക
പാകത്തിന് ഉപ്പ് ചേർക്കുക
നന്നായി ഒന്ന് തിളച്ചു വരുമ്പോൾ ജീരകം , കുരുമുളക് എന്നിവ നന്നായി ചതച്ചെടുത്തു ചേർക്കുക
കറിവേപ്പില, മല്ലി ഇല അരിഞ്ഞത് എന്നിവ ചേർത്ത് തീ ഓഫ് ആക്കുക
26. Moru / മോര്
തൈര് : 1 കപ്പ്
വെള്ളം : 2 കപ്പ്
ചെറിയ ഉള്ളി : 2 എണ്ണം
ഇഞ്ചി : 1 ചെറിയ കഷണം
പച്ച മുളക് : 1
കറിവേപ്പില : 1 തണ്ട്
ഉപ്പ്
ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി ചതച്ചെടുക്കുക.
തൈരും, വെള്ളവും, ഉപ്പും കൂടി മിക്സിയിൽ അടിച്ചെടുക്കുക
ഇതിലേക്ക് ചതച്ചു വെച്ച മിക്സ് ചേർത്തിളക്കുക
27. Semiya Pradhaman // സേമിയ പ്രഥമൻ
സേമിയ : 200g
തേങ്ങയുടെ ഒന്നാം പാൽ : 1 കപ്പ്
രണ്ടാംപാൽ : 3 കപ്പ്
ശർക്കര : 500 gm
ഏലക്ക പൊടിച്ചത് : 1/2 ടീസ്പൂൺ
അണ്ടിപ്പരിപ്പ് : കുറച്ച്
ഉണക്ക മുന്തിരി : കുറച്ച്
തേങ്ങാകൊത്തു : കുറച്ച്
നെയ്യ് : 3 ടേബിൾ സ്പൂൺ
ഉപ്പ് : 1 നുള്ള്
ശർക്കര കുറച്ചു വെള്ളം ചേർത്ത് പാനി ആക്കി അരിച്ചെടുക്കുക
അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി , തേങ്ങാകൊത്തു എന്നിവ നെയ്യിൽ വറുത്തു മാറ്റിവെക്കുക.
ബാക്കി നെയ്യിൽ സേമിയ നന്നായി വറുത്തെടുക്കുക
തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് സേമിയ വേവിക്കുക
വെന്ത സെമിയയിലേക്കു ശർഖര പാനി ചേർത്ത് നന്നായി കുറുക്കി എടുക്കുക. ഇനി ഒന്നാം പാൽ ചേർത്ത് ഒന്ന് ചൂടായി കഴിഞ്ഞാൽ ഏലയ്ക്ക പൊടി, ഉപ്പ് ചേർത്ത് തീ ഓഫ് ചെയ്യുക
വറുത്തു വെച്ച അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, തേങ്ങ കൊത്ത് എന്നിവ ചേർക്കുക
ഒരൽപം ചുക്ക് പൊടിയും, ജീരക പൊടിയും കൂടി വേണമെങ്കിൽ ചേർക്കാം.
28. പാൽ പായസം / Paal Payasam
*In Pressure Cooker
പാൽ : 1.5 ലിറ്റർ
വെള്ളം : 1 കപ്പ്
ഉണക്കലരി : 1/2 കപ്പ്
പഞ്ചസാര : 1 കപ്പ്
ബട്ടർ : 1 ടേബിൾ സ്പൂണ്
ഉപ്പ് : ഒരു നുള്ള്
ഏലയ്ക്ക പൊടി : 1/4 ടി സ്പൂൺ( ഏലയ്ക്കയുടെ ടേസ്റ്റ് പാൽ പായസത്തിന് ഇഷ്ട്ടമുള്ളവർ ചേർത്താൽ മതി. പാൽ പായസത്തിന് ഏലയ്ക്ക പൊടി, അണ്ടിപ്പരിപ്പ്, മുന്തിരി നെയ്യിൽ വറുത്തത് ഒന്നും ചേർക്കാത്തതാണ് ടേസ്റ്റ്)
ഒരു 5 ലിറ്റർ പ്രഷർ കുക്കറിൽ പാലും വെള്ളവും ഒഴിച്ചു തിളപ്പിക്കുക
തിളച്ചു കഴിയുമ്പോൾ തീ നന്നായി കുറച്ചു കഴുകി വച്ചിരിക്കുന്ന അരിയും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി അടച്ചു വെച്ച് ചെറിയ തീയിൽ 40 മിനിറ്റ് വേവിക്കുക
തീ ഓഫ് ചെയ്തു കുക്കറിലെ പ്രഷർ മുഴവൻ പോയാൽ തുറന്നു ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കുക.
ബട്ടർ ചേർക്കുക
പായസം റെഡി
വേണമെങ്കിൽ ഏലയ്ക്ക പൊടി, കുറച്ചു അണ്ടിപ്പരിപ്പ് ഉണക്ക മുന്തിരി നെയ്യിൽ വറുത്തു ചേർക്കാം...!!!