Thursday, November 7, 2024

ലഘുഭക്ഷണം

 ലഘുഭക്ഷണം*

*============*

തിരക്കുകള്‍ക്കിടെ വിശപ്പുണ്ടാകുമ്പോള്‍ പലരും ഫാസ്റ്റ് ഫുഡുകളെയും, പാക്ക് ചെയ്ത ആഹാരസാധനങ്ങളെയുമാണ് ആശ്രയിക്കുക. അത്തരം ആഹാരസാധനങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാവുന്നവയാണ്. അതിനാല്‍ തന്നെ അത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കി ആരോഗ്യകരമായവ കഴിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യത്തിന് അനുഗുണമായ ചില ലഘുഭക്ഷണങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. പഴങ്ങള്‍, പഴസത്തുകള്‍ - ദിവസം ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്തും എന്ന വാക്യം അതേ അര്‍ത്ഥത്തില്‍ തന്നെ എടുക്കാവുന്നതാണ്. ആപ്പിള്‍ മാത്രമല്ല വാഴപ്പഴം, നാരങ്ങ ഇനത്തില്‍ പെട്ട പഴങ്ങള്‍ തുടങ്ങിയവ വിശപ്പിനെ ഒരു പരിധി വരെ കുറയ്ക്കും. വിറ്റാമിനുകളും, മിനറലുകളും ധാരാളമായി അടങ്ങിയ പഴങ്ങള്‍ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതിനൊപ്പം വിശപ്പും അകറ്റും. പഴങ്ങള്‍ കൂടാതെ ജ്യൂസുകളും വിശപ്പ് ശമിപ്പിക്കാന്‍ ഉപയോഗിക്കാം.

2. സൂപ്പ് - പോഷകസമൃദ്ധമായ ഭക്ഷണമാണ് സൂപ്പ്. മിക്കവാറും എല്ലാത്തരം പച്ചക്കറികളുമുപയോഗിച്ച് എളുപ്പത്തില്‍ സൂപ്പുകള്‍ തയ്യാറാക്കാം. പച്ചക്കറികള്‍ മുറിച്ച് തിളച്ച വെള്ളത്തിലിടുക. അതില്‍ അല്പം ഉപ്പും കുരുമുളകും ചേര്‍ക്കുക. ഇതോടെ സൂപ്പ് തയ്യാറായി. ബദാം, ചോളം, തക്കാളി തുടങ്ങിയവയൊക്കെ ആരോഗ്യകരമായ സൂപ്പുകളാണ്. ചുരുങ്ങിയ സമയം കൊണ്ട് ഇവ തയ്യാറാക്കി വിശപ്പിന് ശമനം കാണാം.

3. സാന്‍ഡ്‍വിച്ച് - വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ് സാന്‍ഡ്‍വിച്ചുകള്‍. ഒരു പാക്കറ്റ് ബ്രഡും, അല്പം പച്ചക്കറിയും, സാന്‍ഡ്‍വിച്ച് സ്പ്രെഡും ഉണ്ടെങ്കില്‍ ഇത് തയ്യാറാക്കാം. മധുരമോ, മസാലകളോ ചേര്‍ത്തും, ഏതിനം പച്ചക്കറികള്‍ ചേര്‍ത്തും സാന്‍ഡ്‍‌വിച്ച് തയ്യാറാക്കാം. ടോഫു, കൂണ്‍, പനീര്‍ തുടങ്ങിയവയൊക്കെ ഇതിനായി ഉപയോഗിക്കാം. എന്നാല്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യം ഗോതമ്പ് കൊണ്ടല്ലാത്ത ബ്രഡും, ധാരാളം വെണ്ണയും ഉപയോഗിച്ചാല്‍ അത് ആരോഗ്യകരമല്ലാത്ത മറ്റ് ഫാസ്റ്റ് ഫുഡുകള്‍ക്ക് സമമാകുമെന്നതാണ്.

4. പാല്‍ - പാടനീക്കിയ പാലോ, ടോണ്‍ഡ് പാലോ ഒരു ഗ്ലാസ് കുടിക്കുന്നത് കുറഞ്ഞ അളവില്‍ കൊഴുപ്പ് ശരീരത്തിലെത്താന്‍ സഹായിക്കും. പാല്‍ എവിടെയും സുലഭമായി ലഭിക്കുന്നതിനാല്‍ വിശപ്പിന് പെട്ടന്നുള്ള പ്രതിവിധിയായി ഉപയോഗിക്കാം. ലസ്സി, മില്‍ക്ക് ഷേക്കുകള്‍, തൈര്, മോര്, കട്ടിത്തൈര്, തുടങ്ങിയവയൊക്കെ വിശപ്പകറ്റാനും, ആരോഗ്യം നേടാനും സഹായിക്കും. വിശപ്പിനെ ചെറുക്കാന്‍ പറ്റിയ സാധനങ്ങളാണ് മുട്ടയും പാലും. മുട്ട പൊരിച്ചോ പുഴുങ്ങിയോ പച്ചയായി തന്നെയോ ഉപയോഗിക്കാം.

5. സാലഡുകള്‍ - പല തരം പച്ചക്കറികള്‍ ചേര്‍ത്ത് എളുപ്പത്തില്‍ സാലഡുകള്‍ നിര്‍മ്മിക്കാം. കുരുമുളക്, മുളക്, പുതിന തുടങ്ങി അല്പം മാത്രം ചേരുവകള്‍ ചേര്‍ത്താല്‍ സാലഡുകള്‍ക്ക് ഏറെ രുചി ലഭിക്കും. പോഷകങ്ങളും ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ്സും അടങ്ങിയവയാണ് ഇവ.

വിശപ്പുണ്ടാകുമ്പോള്‍ ആരോഗ്യകരമല്ലാത്ത ലഘുഭക്ഷണങ്ങള്‍ ഉപയോഗിക്കാതെ ശരീരത്തിന് ഗുണകരമായവ ഉപയോഗിക്കുക. മേല്‍പറഞ്ഞവയൊക്കെ എളുപ്പം തയ്യാറാക്കാവുന്ന, എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാവുന്ന ലഘുഭക്ഷണങ്ങളാണ്. കൂടാതെ എവിടെയും സുലഭമായി ലഭിക്കുന്നവയുമാണ്. പോഷകകരമായ ഇവയ്ക്കൊപ്പം രുചി പകരാനായി മസാലകളും മറ്റും ചേര്‍ത്ത് കൂടുതല്‍ ആസ്വാദ്യകരമാക്കാം.
Continue Reading…

Popular Posts

Text Widget

Search This Blog

Powered by Blogger.

Blogger Pages

ലഘുഭക്ഷണം

Copyright © Adukkalakaaryam | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates